‘സിപിഎമ്മിലെ ഒരു വിഭാഗം മയക്കുമരുന്ന് ലോബിയുടെ ഭാഗം’; സഭാതലത്തെ ചൂടുപിടിപ്പിച്ച് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്

Jaihind Webdesk
Thursday, February 2, 2023

 

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്തിൽ രാഷ്ട്രീയ സംരക്ഷണമൊരുക്കി അന്വേഷണം അട്ടിമറിച്ച് പ്രതിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷം. ഇതു സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയം ഭരണപ്രതിപക്ഷ വാക്കേറ്റത്തിൽ കലാശിച്ചു. രാഷ്ട്രീയ സംരക്ഷണയിൽ സംസ്ഥാനത്ത് ലഹരി മാഫിയ അഴിഞ്ഞാടുകയാണെന്നും എൻഫോഴ്സ്മെന്‍റ് സംവിധാനങ്ങൾ തികഞ്ഞ പരാജയമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (VD SATHEESAN) കുറ്റപ്പെടുത്തി.

കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില പിടിച്ചെടുത്ത സംഭവത്തിൽ രാഷ്ട്രീയ സംരക്ഷണയിൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ച് മാത്യു കുഴൽ നാടൻ എംഎൽഎയാണ് (MATHEW KUZHALNADAN) അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കേരളത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം മയക്കുമരുന്നു ലോബിയുടെ ഭാഗമാണെന്നും ലഹരിപ്പണത്തിലാണ് ഇവർ ചവിട്ടുപടി കയറുന്നതെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു. പോലീസ് അന്വേഷിക്കും മുമ്പേ ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകി ഇത്ര വെപ്രാളം കാണിച്ചത് എന്തിനാണെന്ന് ചോദിച്ച മാത്യു കുഴൽനടൻ മണിച്ചൻ വിഷയമടക്കം സഭയിൽ പരാമർശിച്ചു.

മാത്യു കുഴൽ നാടന്‍റെ പ്രസംഗം പല കുറി ഭരണപക്ഷം തടസപ്പെടുത്തി. ഇത് ഭരണ പ്രതിപക്ഷ വാക്കേറ്റത്തിൽ കലാശിച്ചു. ഇതിനിടയിൽ മാത്യു കുഴൽനാടന് നേരേ മുഖ്യമന്ത്രി ക്ഷുഭിതനായി. എന്ത് അസംബന്ധവും വിളിച്ചു പറയുന്നത് പോലെയാണ് പ്രതിപക്ഷത്തിന്‍റെ ആരോപണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തബോധത്തോടെ മാത്യു കുഴൽ നാടനെ താൻ തന്നെയാണ് അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. രാഷ്ട്രീയ സംരക്ഷണയിൽ സംസ്ഥാനത്ത് ലഹരിമാഫിയ അഴിഞ്ഞാടുകയാണെന്നും എൻഫോഴ്സ്മെന്‍റ് സംവിധാനങ്ങൾ തികഞ്ഞ പരാജയമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ലഹരിക്കടത്തിൽ ഷാനവാസിനെതിരെയുള്ള സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സഭയിൽ വായിച്ച പ്രതിപക്ഷ നേതാവ് ഷാനവാസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.