48 മണിക്കൂറിനുള്ളില്‍ ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കാനറിയാം; കര്‍ണാടക ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കുമാരസ്വാമി

Jaihind Webdesk
Sunday, January 20, 2019

കര്‍ണാടകയിലെ സര്‍ക്കാരിനെ ഏതുവിധേനയും മറിച്ചിടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് കനത്ത ഭാഷയില്‍ മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഭരണപക്ഷത്തെ എം.എല്‍.എമാരെ സ്വാധീനിച്ചും മറുകണ്ടം ചാടിച്ചും കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ജെ.ഡി.എസും സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധം തീര്‍ന്നതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ നാടകം അവസാനിക്കുകയായിരുന്നു.

കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് യാതൊരും ഭീഷണിയുമില്ലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. കര്‍ണാടകയില്‍ യാതൊരു പ്രശ്നവുമില്ല. നെറികെട്ട രാഷ്ട്രീയ നീക്കങ്ങള്‍ ഇനിയും ബിജെപി തുടരുകയാണെങ്കില്‍ 48 മണിക്കൂറുകൊണ്ട് ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കാന്‍ എനിക്കറിയാം.
സര്‍ക്കാറിനെ ശല്യപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല. ആവശ്യമായ ഭൂരിപക്ഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന് ഉണ്ടെന്നും കുമാരസ്വാമി കൊല്‍ക്കത്തയില്‍ വ്യക്തമാക്കി.

ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പൊളിക്കാന്‍ കോണ്‍ഗ്രസ് നടത്തിയത് ഓപ്പറേഷന്‍ സേവ് കര്‍ണാടകയായിരുന്നു. ഏത് വിധേനയും സര്‍ക്കാറിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കെസി വേണുഗോപാലിന് ശക്തമായ പിന്തുണയുമായി ഡികെ ശിവകുമാറും നിന്നു.