സ്വർണ്ണക്കടത്തില്‍ സിപിഎം-ക്വട്ടേഷന്‍ കൂട്ടുകെട്ട് ; ‘പൊട്ടിക്കുന്ന’തിന്‍റെ ഒരു പങ്ക് പാർട്ടിക്കെന്ന് ശബ്ദരേഖ ; സഹായത്തിന് കൊടി സുനിയും മുഹമ്മദ് ഷാഫിയും

Jaihind Webdesk
Tuesday, June 29, 2021

കണ്ണൂർ : സ്വർണ്ണക്കടത്ത് സംഘത്തിന് ടി.പി വധക്കേസ്  പ്രതികളായ മുഹമ്മദ് ഷാഫിയും കൊടി സുനിയുമായും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം ജയ്ഹിന്ദ് ന്യൂസിന്. സ്വർണ്ണക്കടത്ത് ‘പൊട്ടിക്കല്‍’ സംഘത്തിന് സിപിഎമ്മുമായുള്ള ബന്ധം സ്വർണ്ണം കടത്തുന്ന ആൾക്ക് സുരക്ഷ ഒരുക്കാൻ ഉപയോഗപ്പെടുത്തി എന്ന് തെളിയിക്കുന്നതാണ് ശബ്ദസന്ദേശം. സ്വര്‍ണ്ണക്കടത്ത് സംഘത്തിൽ നിന്ന് സ്വര്‍ണം തട്ടിയെടുത്താല്‍ ലഭിക്കുന്നതിന്റെ മൂന്നിലൊരു പങ്ക് പാര്‍ട്ടിയുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെന്ന നിര്‍ണ്ണായക വിവരവും ഇതിലുണ്ട്. കവര്‍ച്ചാ സംഘാംഗങ്ങൾ തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിലാണ് സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കുന്ന നിര്‍ണ്ണായക വിവരങ്ങളുള്ളത്.

സ്വര്‍ണവുമായി നാട്ടിലെത്തുന്ന ആൾക്ക് കണ്ണൂരിലെ സ്വർണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ കൈമാറിയ മൂന്നു ശബ്ദ സന്ദേശങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സ്വർണ്ണം പൊട്ടിക്കുന്ന ക്വട്ടേഷനില്‍ ടി.പി  വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി നേരിട്ട് പങ്കാളിയാണെന്ന ഞെട്ടിക്കുന്ന വിവരവും ശബ്ദ സന്ദേശത്തിലുണ്ട്.  കൊടി സുനിയും ഇവരുമായി ബന്ധപ്പെടാറുണ്ടെന്ന പരാമര്‍ശവും സന്ദേശത്തിലുണ്ട്.

സിപിഎമ്മുമായി അടുത്ത ബന്ധമുള്ള തില്ലങ്കേരിയിലെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരും ശബ്ദ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘവും പൊട്ടിക്കല്‍ സംഘവും സിപിഎം ബന്ധം ഉപയോഗപ്പെടുത്തിയതിന്‍റെ നിര്‍ണായക വിവരങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്.  കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം പൊട്ടിച്ച സംഘത്തിന് വേണ്ടി യഥാർത്ഥ ഉടമകളോട് സംസാരിക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളിലുള്ള പൊട്ടിക്കല്‍ സംഘത്തെകുറിച്ച് വ്യക്തമായ വിവരം നല്‍കുന്ന ഇത്തരം സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തുന്നയാളെ തങ്ങളുടെ വരുതിയിലാക്കാനുള്ള കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമമാണ് ശബ്ദരേഖയെന്ന് സംശയിക്കുന്നു. ഉടമസ്ഥന് നല്‍കാതെ തങ്ങള്‍ക്ക് സ്വര്‍ണം നല്‍കാന്‍ ഭയപ്പെടേണ്ടെന്നും കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും നേതൃത്വത്തിൽ സംരക്ഷണവും ഒരുക്കാമെന്നുമാണ് സന്ദേശത്തിലുള്ളത്.

സുരക്ഷ ഒരുക്കുന്നതില്‍ ഒരാള്‍ മുഹമ്മദ് ഷാഫിയുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ആര് ആര്‍ക്ക് അയച്ച സന്ദേശമാണ് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പാര്‍ട്ടി സംഘങ്ങളെ ഉപയോഗിച്ച് കൊള്ള നടത്തിയാല്‍ ഉടമകള്‍ക്ക് ഭയമുണ്ടാവുമെന്നും ഇതിനാല്‍ മൂന്നിലൊരു പങ്ക് അത്തരം സംഘങ്ങള്‍ക്ക് നല്‍കാറുണ്ടെന്നും വ്യക്തമാവുന്നു.

കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളിലുള്ള പൊട്ടിക്കല്‍ സംഘത്തെകുറിച്ച് വ്യക്തമായ വിവരം നല്‍കുന്ന ഇത്തരം ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ശബ്ദ സന്ദേശത്തിൻ്റെ വിശ്വാസ്യത വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം.