കാർഗില്‍ വിജയ് ദിവസ്; രാജ്യത്തിനായി പോരാടിയ ധീരസൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ രാഹുൽ ഗാന്ധി

Jaihind Webdesk
Sunday, July 26, 2020

കാർഗിൽ വിജയ് ദിവസ് ദിനത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് രാഹുൽ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാൻ എല്ലാം സമർപ്പിക്കുന്ന ധീര നായകന്മാർക്ക് അഭിവാദ്യം അർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റക്കാരെയും പാക് പട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 21 വയസാകുകയാണ്. സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്‍റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാൻ സൈന്യത്തേയും തീവ്രവാദികളെയും തൂത്തെറിഞ്ഞ് വിജയം നേടിയ ദിനം. പാക്കിസ്ഥാൻ പട്ടാളത്തിന്‍റെ അതീവ രഹസ്യമായ ഓപ്പറേഷൻ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷൻ വിജയ് ആഞ്ഞടിച്ചപ്പോൾ ലോകത്തിന് മുന്നിൽ നാണംകെട്ട തോൽവിയുമായി പാകിസ്ഥാൻ പകച്ചുനിന്നു.

1998 നവംബർ- ഡിസംബർ മാസത്തിൽ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷൻ ബാദർ ആരംഭിക്കുന്നത്. ആസൂത്രിതമായിരുന്നു പാകിസ്ഥാന്‍റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തിൽ പാകിസ്ഥാൻ പട്ടാളക്കാരെ അതിർത്തി കടത്തി ഇന്ത്യൻ പ്രദേശത്ത് നിലയുറപ്പിച്ചു. തർക്ക പ്രദേശമായ സിയാച്ചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ-കാർഗിൽ-ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാന്‍റെ ലക്ഷ്യം. പാകിസ്ഥാൻ പട്ടാളം കടന്നുകയറി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് ശക്തമായ മറുപടിയോടെയായിരുന്നു ഇന്ത്യ പ്രതികരിച്ചത്. ഓപ്പറേഷൻ വിജയ് എന്ന പേരിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടു. ഒടുവിൽ ശക്തമായ ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തറിഞ്ഞ പാകിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതിൽ കൂടുതലും വിട്ട് പിൻമാറുകയായിരുന്നു.