പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കണ്ണൂര്‍ ലോബി

Jaihind Webdesk
Saturday, February 23, 2019

Periya-Murdercase

പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകക്കേസിൽ പ്രതികളും ഉള്‍പ്പെട്ടതായി സൂചന. കൊലപാതകക്കേസിൽ പ്രതികളായ 2 പേർ സംഭവദിവസം പെരിയ കല്യോട്ട് എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട ദിവസത്തിന് ശേഷം ഇവരെ കാണാനില്ല എന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കല്യോട്ടേക്ക് ഇവര്‍ എത്തിയിരുന്നോ എന്നത് സ്ഥിരീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവ ദിവസം കറുത്ത കാറിൽ ദേശീയപാതവഴി അതിവേഗം കടന്നു പോയതായി സംശയിക്കുന്ന പ്രതികളില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.

പരോളില്‍ ഇറങ്ങിയ ടിപി വധക്കേസ് പ്രതികള്‍ പെരിയ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ സംശയം ബലപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന പല തെളിവുകളും.

നിഷ്ഠൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് തൊട്ട് മുമ്പ് ടി.പി വധക്കേസിലെ പ്രതികളായ കിർമാണി മനോജിനും റഫീഖിനും പരോൾ നൽകി പുറത്തുവിട്ടിരുന്നു. പരോളിലിറങ്ങിയ ശേഷം ഇവര്‍ എവിടെയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.

കൊലപാതകം നടത്തിയതിനു ശേഷം പീതാംബരൻ ഉൾപ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് രാവണീശ്വരം വരെ സഞ്ചരിച്ച ശേഷമാണ് മടങ്ങി പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇത് കൃത്യനിര്‍വഹണത്തില്‍ സഹായിച്ചവരെ അവിടെ എത്തിക്കാനായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നു. ആദ്യഘട്ട അന്വേഷണത്തിൽ നിലവിൽ അറസ്റ്റിലായവർക്കു പങ്കുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ക്വട്ടേഷൻ സംഘത്തിന്‍റെ സാന്നിധ്യം പൊലീസ് പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല.

എന്നാല്‍ ഗുരുതരമായ ഒരു അനാസ്ഥ കേസ് അന്വേഷണത്തില്‍ ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നു 2 വിരലടയാളങ്ങൾ പൊലീസിനു ലഭിച്ചിരുന്നുവെങ്കിലും ഇവയുടെ ശാസ്ത്രീയ പരിശോധന ഇതു വരെ നടത്തിയിട്ടില്ല. കൊലപാതക സംഘത്തിൽ 8 പേരാണ് ഉണ്ടായിരുന്നതെന്നു പൊലീസ് ഉറപ്പിക്കുമ്പോഴും ഈ വിരലടയാളങ്ങൾ ഇവരിൽ ആരുടേതെങ്കിലും ആണോയെന്ന കാര്യം പരിശോധിച്ചിട്ടില്ല. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും.

ബൈക്കിലിരുന്ന കൃപേഷിനെ ഒറ്റ വെട്ടിന് കൊന്നതായി കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. ഇതോടെ പ്രതികളിൽ ചിലർ കണ്ണൂരിലെ പാർട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായും വ്യക്തമായിട്ടുണ്ട്.