കളമശേരി സ്ഫോടനം: തിങ്കളാഴ്ച സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Sunday, October 29, 2023

 

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സ്ഫോടനം നടന്ന സ്ഥലത്തെത്തി. ഇന്‍റലിജന്‍സ് ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും ഡിജിപിക്കൊപ്പമുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇരുവരും പരിശോധന നടത്തും. ദേശീയ അന്വേഷണ ഏജന്‍സി, ഡോഗ് സക്വാഡ്, സംസ്ഥാന ഭീകരവിരുദ്ധസേന, ഇന്‍റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികള്‍ നേരത്തെ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. നടന്നത് ബോംബ് സ്‌ഫോടനമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) എന്ന വസ്തുവാണ് സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്.

അതേസമയം കളമശേരി ബോംബ് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ ഒരാൾ കീഴടങ്ങിയതായി സൂചനയുണ്ട്. കൊച്ചി സ്വദേശിയായ വ്യക്തിയാണ് കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഗ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്രാ ഇന്‍റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും നാല്‍പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച തുടങ്ങിയ യഹോവ സാക്ഷികളുടെ സമ്മേളനം ഇന്ന് നാലരയ്ക്ക് സമാപിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റെയിൽവേ സ്റ്റേഷനുകളും സെക്രട്ടറിയേറ്റ് പരിസരവുമെല്ലാം കർശന നിരീക്ഷണത്തിലാണ്. യഹോവ സാക്ഷികളുടെ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും കർശന നിരീക്ഷണമുണ്ട്.