‘ശബരീനാഥന്‍ നിരപരാധി ആയതിനാലാണ് ജാമ്യം ലഭിച്ചത്; മുഖ്യമന്ത്രിക്ക് മാനാഭിമാനമുണ്ടോ? ആക്രമിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം’: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, July 19, 2022

കൊച്ചി: ശബരീനാഥൻ നിരപരാധിയായതിനാലാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വിമാനത്തിൽ ആക്രമണം നടത്തിയതിന് ഇ.പി ജയരാജനെ കേസിൽ പ്രതിയാക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്ത് കേസ് ചെയ്തിട്ടാണ് ശബരീനാഥൻ പ്രതിയാകുന്നത്. മുഖ്യമന്ത്രിക്ക് മാനാഭിമാനമില്ലേ? അറസ്റ്റ് ചെയ്യരുതെന്ന നിർദേശം കോടതിയുടെ ഭാഗത്ത് നിന്നുള്ളപ്പോഴാണ് ശബരീനാഥന്‍റെ അറസ്റ്റ് നാടകം അരങ്ങേറിയത്. വിമാനത്തിലുണ്ടായത് എന്താണെന്ന് എല്ലാവർക്കും അറിയാം. വിമാനത്തിൽ അക്രമം നടത്തിയത് ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനുമാണ്. ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോള്‍ മര്‍ദ്ദനമേറ്റ് ചെവിയില്‍ നിന്നും മൂക്കില്‍ നിന്നുമെല്ലാം രക്തം വരുന്ന അവസ്ഥയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കള്ളക്കഥകൾ ജനങ്ങളുടെ മുന്നിൽ പ്രചരിപ്പിക്കുകയാണ് പിണറായി വിജയനും ജയരാജനും. കളവല്ലാതെ സത്യം പറഞ്ഞ പാരമ്പര്യം ഇവർക്കില്ല. ആക്രമിച്ചവരുടെ പേരിൽ കേസില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് തെറ്റില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. വിമാനത്തിൽ ആക്രമണം നടത്തിയതിന് ഇ.പി ജയരാജനെ കേസിൽ പ്രതിയാക്കും. കേസുകൾക്ക് പിന്നിൽ പി ശശി ആണോ ബുദ്ധികേന്ദ്രം എന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.