കണ്ണൂർ ഡി.എസ്.സി ക്യാന്‍റീനിൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം : കെ.സുധാകരൻ എംപി കത്ത് നല്‍കി

Jaihind News Bureau
Monday, June 15, 2020

കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് സെന്‍ററിൽ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം വിരമിച്ച സൈനികരായ, സെന്‍ററിന്‍റെ ഗുണഭോക്താക്കളെ, വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും 16,800 വിരമിച്ച സൈനികർ രജിസ്റ്റർ ചെയ്ത് സേവനങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഡി.എസ്.സി ക്യാന്‍റീനിൽ നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു.

രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ പെൻഷനർക്കും എല്ലാ മാസവും ശരാശരി ഒരു തവണയെങ്കിലും ക്യാന്‍റീനിൽ നിന്ന് സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ടോക്കൺ വിതരണം ഓരോ ദിവസവും നിലവിൽ അനുവദിച്ചിട്ടുള്ള 300 നമ്പറിൽ നിന്ന് ഉയർത്തി എല്ലാവർക്കും ഒരു പ്രാവശ്യമെങ്കിലും ഒരു മാസം സാധനങ്ങൾ വാങ്ങുവാനുള്ള അവസരവും ലഭ്യമാക്കേണ്ടതാണ്.

സെന്‍ററിൽ രണ്ട് ടെലിഫോൺ നമ്പറുകളാണ് ടോക്കണുകൾ ബുക്ക് ചെയ്യുവാനായി ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അനേകം മണിക്കൂറുകൾ ടോക്കൺ ലഭിക്കുവാൻ വേണ്ടി ടെലിഫോണിൽ ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ക്യാന്‍റീനിൽ സേവന സൗകര്യങ്ങൾ ഉപയോഗിക്കാൻ ടോക്കൺ ബുക്ക് ചെയ്യുവാനുള്ള ടെലിഫോൺ നമ്പറുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാൽ മാത്രമേ നിലവിലുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ.

ബുക്കിംഗ് കൺഫർമേഷൻ ഉപഭോക്താവിന് നല്കുന്നതിനായി ക്യാന്‍റീനിൽ സന്ദർശിക്കേണ്ട സമയവും തീയതിയും എസ്.എം.എസ് ആയി നല്‍കേണ്ടതും നിലവിലുള്ള എല്ലാ കൗണ്ടറുകളും പ്രവർത്തനസജ്ജമാക്കേണ്ടതുമാണ്.

കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ 60 വയസ്സിന് മുകളിലുള്ള വിരമിച്ച സൈനികർക്ക് കുടുംബാംഗങ്ങളിൽ എതെങ്കിലും ഒരംഗത്തിന് സാധനങ്ങൾ ക്യാന്‍റീനിൽ വഴി വാങ്ങുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് കണ്ണൂരിന്‍റെ കമാൻഡന്‍റായ കേണൽ പുഷ്പേന്ദ്ര ജിംഗ്വാനോട് കെ.സുധാകരൻ എംപി കത്ത് മുഖേന ആവശ്യപ്പെട്ടു.