ഗുരു നിന്ദ: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, January 2, 2023

 

തിരുവനന്തപുരം: കണ്ണൂര്‍ എസ്.എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

ശ്രീനാരായണ വേദികളില്‍ പതിവായി ഉപോഗിക്കുന്ന ഗുരു സ്തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു. താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്‍റെ പേരില്‍ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണ്. വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി, ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയുംപരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷന്‍മാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാക്കിയ വ്യക്തിയാണ്. ബിഷപ്പിനെതിരായ നികൃഷ്ടജീവി പ്രയോഗം, പ്രവാചകന്‍റെ തിരുകേശ വിവാദം, ശബരിമലയിലെ ആചാര ലംഘനം എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന യാഥാര്‍ത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മിക ഭൗതിക വാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെപ്പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. വൈവിധ്യമുള്ള സംസ്‌കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. എല്ലാവരെയും സ്നേഹിക്കാനും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിപ്പിച്ച നവോത്ഥാന നായകനാണ് ഗുരുദേവന്‍. ലോകം ആരാധിക്കുന്ന ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎമ്മും ഇടതുസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. മതത്തിന് എതിരല്ല സിപിഎമ്മെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍, മതാചാരങ്ങളെ പരസ്യമായി പൊതുവേദിയില്‍ അപമാനിക്കുകയാണ് അവരുടെ മുഖ്യമന്ത്രി. സിപിഎമ്മിന്‍റെ വാക്കും പ്രവൃത്തിയും എപ്പോഴും രണ്ടാണെന്ന് കാലങ്ങളായി ഓരോ കാര്യങ്ങളിലൂടെ അവര്‍ തെളിയിച്ചിട്ടുണ്ട്. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെടുക്കുന്നതും അത്തരം നിലപാടിന്‍റെ ഭാഗമാണെന്നും കെ സുധാകരന്‍ എംപി പരിഹസിച്ചു.