ധനമന്ത്രിയുടെ ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ : കെ.സുധാകരന്‍ എംപി

Jaihind Webdesk
Friday, March 11, 2022

മല എലിയെ പ്രസവിച്ചതുപോലെയാണ് ധനമന്ത്രി കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കാലഘട്ടത്തിന്‍റെ സ്പന്ദനം തിരിച്ചറിയാത്തതും ദിശാബോധം നഷ്ടമായതുമായ ബജറ്റാണ് ധനമന്ത്രി ബാലഗോപാലിന്‍റേത്. യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് തുക നീക്കിവെച്ചെങ്കിലും അത് ഏത് തരത്തിലാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തതവരുത്തണം. ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധികനികുതിക്ക് പുറമെ മറ്റുമേഖലകളിലെ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ പിഴിയാനുള്ള നീക്കമാണ് കേരള സര്‍ക്കാരിന്‍റേതെന്നും കെ സുധാകരന്‍ പറഞ്ഞു.

കടം എടുത്ത് മുച്ചൂടും മുടിഞ്ഞ് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവെക്കാനാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ സഭയില്‍ വയ്ക്കാതിരുന്നത്. സര്‍ക്കാരിന്റെ പൊതുധനസ്ഥിതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കണം.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായുള്ള ധനവിഹിതത്തിലെ കുടിശ്ശിക കുമിഞ്ഞ് കൂടുകയാണ്. അപ്പോഴാണ് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ നടത്തുന്നത്.കഴിഞ്ഞ ബജറ്റിലെ തനിയാവര്‍ത്തനമാണ് ഈ ബജറ്റിലും ഉള്ളത്. റവന്യൂവരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാണ് സംസ്ഥാനത്തിനുള്ളുത്. അതിന് പുറമെ കടമെടുപ്പും കൂടിയാകുമ്പോള്‍ ട്രഷറി താഴിട്ട് പൂട്ടേണ്ട അവസ്ഥയാണ്. ഖജനാവില്‍ പണം ഇല്ലാതെ എങ്ങനെയാണ് ക്ഷേമപദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും തുടരാന്‍ സാധിക്കുന്നത്. കയ്യില്‍ പണമില്ലാതെ പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ പ്രതിവര്‍ഷം വര്‍ധനവ് ഉണ്ടാകുന്നു.നാലുലക്ഷം കോടി കടന്ന് നില്‍ക്കുകയാണ് പൊതുകടം. കിഫ്ബിയില്‍ 30000 കോടി മാത്രമുള്ളപ്പോള്‍ 80000 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് അവകാശവാദം.അങ്ങനെയെങ്കില്‍ 50000 കോടി കടം എടുത്ത് കരാറുകാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2000 കോടി നീക്കിവെക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തിക്ക് 13700 കോടിയാണ് വേണ്ടത്. അതും കടം എടുത്തെങ്കില്‍ മാത്രമെ ഈ തുക കണ്ടെത്താന്‍ കഴിയുയെന്നതാണ് വസ്തുത.

അന്തവും കുന്തവും ഇല്ലാതെ കടം പെരുകുമ്പോള്‍ വായും പൊളിച്ച് നില്‍ക്കുകയാണ് ധനമന്ത്രി. നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാവശ്യമായ ഒരു മാര്‍ഗനിര്‍ദ്ദേശവും ബജറ്റിലില്ല. വ്യാവസായിക, ഉത്പാദന മേഖലയില്‍ പുതിതായി കൂടുതല്‍ നിക്ഷേപങ്ങളില്ല. ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും തഴഞ്ഞു.കാര്‍ഷിക മേഖലയില്‍ ഉത്പാദനം,മൂല്യവര്‍ധിത വിപണനം, യന്ത്രവത്ക്കരണം എന്നിവ സംബന്ധിച്ച് കര്‍ഷകര്‍ പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ ധനസ്ഥിതി മോശമാകുമ്പോള്‍ കിഫ്ബി വഴിയുള്ള പലപദ്ധതികളെയും ദോഷകരമായി ബാധിക്കും എന്നത് വസ്തുതയാണ്. 2021-22 വര്‍ഷത്തില്‍ 8 ലക്ഷം തൊഴിലവസരം നല്‍കുമെന്നായിരുന്നു അവകാശവാദം. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അപ്പുറത്ത് എത്രപേര്‍ക്കാണ് തൊഴില്‍ നല്‍കിയതെന്ന കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം. കടക്കെണിയില്‍ അടച്ച് പൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്ന കെഎസ്ആര്‍ടിസിയുടെ രക്ഷക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 കോടി പര്യാപ്തമല്ല. കഴിഞ്ഞ ബജറ്റില്‍ 1800 കോടി രൂപ പ്രഖ്യാപിച്ചിട്ടും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. സിഎന്‍ജിയിലേക്ക് മാറാന്‍ 300 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുമ്പോള്‍ വെറും 100 കോടി രൂപയാണ് നല്‍കിയത്.

വിദേശപണവരുമാനം നേടിത്തരുന്ന പ്രവാസിമേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു.ദാരിദ്ര രേഖയ്ക്ക് കീഴില്‍ 11.3 ശതമാനം പേരാണുള്ളത്. അവര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും ധനമന്ത്രി ലുബ്ദത കാട്ടി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിക്കും ആവശ്യമായ തുക മാറ്റിവെച്ചില്ല.ലൈഫ് മിഷന്‍ പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 4000 കോടി മാറ്റിവെച്ചപ്പോള്‍ ഇത്തവണ 1871 കോടിരൂപമാത്രമാണ് നീക്കിവെച്ചത്. പുതിതായി 9.4 ലക്ഷം അപേക്ഷകള്‍ ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് ലഭിക്കുമ്പോഴാണ് നാമമാത്രമായ തുക നീക്കിവെച്ചത്.മലയോര ഹൈവേ, കുട്ടനാട് പാക്കേജ്,വയനാട് പാക്കേജ് എന്നിവയെല്ലാം വെള്ളത്തില്‍ വരച്ച വരകളായി. തീര്‍ത്തും നിരാശജനകമായ ബജറ്റാണിതെന്നും സുധാകരന്‍ പറഞ്ഞു.