‘ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ’ ; പൊന്ന്യം സ്ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍ എം.പി

Jaihind News Bureau
Tuesday, September 8, 2020

 

കണ്ണൂർ : പൊന്ന്യത്തെ ബോംബ് സ്ഫോടനത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ സുധാകരൻ എം.പി. ബോംബ് നിർമ്മാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിൻസിപ്പല്‍, സ്ഥലം എം.എൽ.എ ആണെന്നും കെ സുധാകരൻ എം.പി ആരോപിച്ചു. പരോളിൽ ഇറങ്ങിയ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജ് ആണ് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയതെന്നും കെ സുധാകരൻ പറഞ്ഞു. പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ എം.പി.

ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് മാറോളി ഉൾപ്പടെയുള്ള നേതാക്കൾക്ക് ഒപ്പമാണ് കെ സുധാകരൻ എം.പി ബോംബ് സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചത്. പൊന്ന്യം ചൂളയിലെ ബോംബ് സ്ഫോടനം നടന്ന തോടിനരികിലെ ഷെഡ് അദ്ദേഹം നോക്കിക്കണ്ടു. പൊന്ന്യത്തെ സ്ഫോടനത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

ഇവിടെ ബോംബ് നിർമ്മാണത്തിന്‍റെ പരിശീലനമാണ് നടന്നത്. ബോംബ് നിർമ്മാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിൻസിപ്പല്‍ സ്ഥലം എം.എൽ.എ ആണ്. പരോളിൽ ഇറങ്ങിയ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജ് ആണ് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയതെന്നും കെ സുധാകരൻ എം.പി പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൊവിഡ് ബാധിച്ച് മരിച്ചു എന്ന രീതിയില്‍ സംസ്കരിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.