പ്രഹസനമായി കെ റെയിൽ വിശദീകരണ യോഗം, ഉറക്കംതൂങ്ങി ‘പ്രമുഖര്‍’; ഭൂമി നഷ്ടപ്പെടുന്നവരുടെ ചോദ്യത്തിന് മറുപടിയില്ല

Jaihind Webdesk
Wednesday, January 12, 2022

കൊല്ലം : സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറുപടി നല്‍കാതെ പ്രഹസനമായി സര്‍ക്കാരിന്‍റെ വിശദീകരണയോഗം. ഇടത് അനുഭാവികളും സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരുമായിരുന്നു കൊല്ലത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും.  ചടങ്ങുതീര്‍ക്കലായി മാറിയ യോഗത്തില്‍ നേതാക്കളും പ്രമുഖരുമെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അതേസമയം സാധാരണക്കാരന്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് നേതാക്കള്‍ക്കും കെ റെയില്‍ എംഡിക്കും മറുപടിയുമുണ്ടായിരുന്നില്ല.                                                                                                                                                                                                                കൊല്ലത്ത് സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ചേര്‍ന്ന വിശദീകരണ യോഗമാണ് നേതാക്കളുടെയും ഇടത് അനുഭാവികളായ  പൗരപ്രമുഖരുടെയും ഉറക്കത്തിന് വേദിയായത്.  കെറെയില്‍ എംഡി വി അജിത് കുമാറാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്. ഒരുമണിക്കൂര്‍ നീണ്ടു നിന്ന അവതരണത്തിനിടെ ഏതാനും പേര്‍ മാത്രമാണ് ഉറങ്ങാതിരുന്നത്.  മന്ത്രിമാരായ കെഎന്‍ ബാലഗോപാലും ജെ ചിഞ്ചുറാണിയും പദ്ധതിയെക്കുറിച്ച് സംസാരിച്ചത് കേട്ടതും ചുരുക്കം പേര്‍ മാത്രം.

അതേസമയം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് എത്രകാലം കാത്തിരിക്കണമെന്ന പ്രസക്തമായ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ കെ റെയില്‍ എംഡിക്കോ നേതാക്കള്‍ക്കോ കഴിഞ്ഞില്ല. മുഖ്യമന്ത്രി എല്ലാ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു കെ റെയില്‍ എംഡി അജിത് കുമാറിന്‍റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി.                                                                                                                                                                                                                                                                                                                                                                                                                 ഇടത് അനുഭാവികളെയും പൗരപ്രമുഖരെയും ഉള്‍പ്പെടുത്തിയുള്ള വിശദീകരണയോഗം സര്‍ക്കാര്‍ ചെലവില്‍ ഉറങ്ങാനുള്ള വേദികളായി മാറുകയാണ്. അതേസമയം കേരളത്തിന്‍റെ പരിസ്ഥിതിയെയും ജനജീവിതത്തെയും ബാധിക്കുന്ന ബൃഹത്തായ ഒരു പദ്ധതിയില്‍ വേണ്ടത്ര പഠനമില്ലാതെ തിരക്കിട്ട് മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലെ ജനങ്ങളുടെ ആശങ്കകളില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് കൃത്യമായ മറുപടിയില്ല. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്.