മാടായിപ്പാറയില്‍ കെ റെയില്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വെച്ച നിലയില്‍

 

കണ്ണൂർ: കെ റയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ മാടായിപ്പാറിയിൽ കെ റെയിൽ സർവേ കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്തുവെച്ച നിലയിൽ. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

മാടായിപ്പാറയിൽ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സർവേ കല്ലുകൾക്കുമേൽ റീത്തുവെച്ച നിലയിൽ കണ്ടെത്തിയത്. എട്ട് സർവേകല്ലുകളാണ് പിഴുത് കൂട്ടിയിട്ട് റീത്ത് വെച്ചത്.
രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. എന്നാൽ ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.

കെ റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധം ഉയർന്നത് മാടായിപ്പാറയിലാണ്. സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ മാസം നാലിനായിരുന്നു ആദ്യമായി പ്രദേശത്ത് സർവേക്കല്ലുകൾ പിഴുതുമാറ്റിയത്. എന്നാൽ ഇതാദ്യമായാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തിയത്.

സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാർ ശക്തമായ സമര പരിപാടികൾ നടത്താനിരിക്കെയാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയത്. നേരത്തേയും മാടായിപ്പാറയിൽ കെ റെയിൽ സർവേ കല്ലുകൾ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറയ്ക്ക് കുറകേ കെ റെയിൽ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്. ഏറ്റവും കൂടുതൽ സർവേ കല്ലുകൾ നാട്ടിയതും ഈ പ്രദേശത്താണ്. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Comments (0)
Add Comment