‘നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്തിയേക്കാം’; അന്തര്‍ധാരകള്‍ക്ക് സാധ്യതയെന്ന് കെ മുരളീധരന്‍ എം.പി

Jaihind Webdesk
Saturday, June 5, 2021

തിരുവനന്തപുരം : കുഴല്‍പ്പണക്കേസില്‍ അന്വേഷണം നിഷ്പക്ഷമായാല്‍ നരേന്ദ്ര മോദിയില്‍ വരെ ചെന്നെത്തിയേക്കുമെന് കെ മുരളീധരന്‍ എം.പി. എന്നാല്‍ ഒരാളും രക്ഷപ്പെടാത്ത രീതിയിലുള്ള ഒരു അന്വേഷണം നടത്താന്‍ തയാറുണ്ടോ എന്നതില്‍  മുഖ്യമന്ത്രി മറുപടി പറയണം. ചില അന്തര്‍ധാരകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ  അന്വേഷണം എത്തേണ്ട സ്ഥലത്ത് എത്തുമോ എന്നതില്‍ സംശയമുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്ര അന്വേഷണവും ആവശ്യമാണ്. ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണമെന്നും എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എന്തുവിലകൊടുത്തും ബംഗാള്‍ പിടിക്കുക എന്ന മോദിയുടെയും അമിഷ് ഷായുടെയും ലക്ഷ്യം. കൊവിഡ് തടയുന്നതില്‍ സ്രര്‍ക്കാരിന് യാതൊരു താത്പര്യവുമില്ലായിരുന്നു. കോടികളാണ് ബംഗാളില്‍ ചെലവാക്കിയത്. മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ ചില സ്ഥാനാര്‍ഥികള്‍ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടക കാണിച്ചിട്ടുണ്ടോ എന്നത് അറിയേണ്ടതുണ്ട്. ഹെലികോപ്ടര്‍ വാടക സംബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ വന്നിട്ടുണ്ടോയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.