ജസ്റ്റിസ് ശിവരാജൻ 5 കോടി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി; എല്‍ഡിഎഫിനെ വെട്ടിലാക്കി സി ദിവാകരന്‍റെ ഗുരുതര വെളിപ്പെടുത്തല്‍

Jaihind Webdesk
Saturday, June 3, 2023

 

തിരുവനന്തപുരം: എൽഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി മുൻ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത് കോടികൾ വാങ്ങിയാണെന്ന ഗുരുതര വെളിപ്പെടുത്തലും അദ്ദേഹം നടത്തി. അതേസമയം ജസ്റ്റിസ് ശിവരാമന്‍റെ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസനും സി ദിവാകരന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫും ആവശ്യപ്പെട്ടു.

സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ 5 കോടി വാങ്ങിയാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയതെന്നാണ് മുൻ മന്ത്രിയും പ്രമുഖ സിപിഐ നേതാവുമായ സി ദിവാകരന്‍ വെളിപ്പെടുത്തിയത്. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്ത് മുന്നോട്ടു പോയത്.

എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധസമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ സമരം ചീറ്റിപ്പോയെന്നും സി ദിവാകരൻ പറഞ്ഞു. തന്‍റെ ആത്മകഥയിൽ സോളാർ സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിലാണ് പുതിയ വെളിപ്പെടുത്തലുമായി സി ദിവാകരൻ രംഗത്തെത്തിയത്.

അതേ സമയം സി ദിവാകരന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ശിവരാന്‍റെ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണം വ്യാജമാണെന്നും അതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം തങ്ങള്‍ ഉന്നയിച്ചതാണെന്നും എം.എം ഹസൻ ചൂണ്ടിക്കാട്ടി.

സി ദിവാകരന്‍റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയെ അപമാനിക്കാനും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും സഹായകമായ നിലയിൽ റിപ്പോർട്ട് തയാറാക്കാൻ ശിവരാജനെ പ്രേരിപ്പിച്ചതും കമ്മീഷന് കോഴ നൽകിയതും ഇന്നത്തെ ഭരണകക്ഷിയായ സിപിഎം തന്നെയായിരിക്കുമെന്നും കെ.സി ജോസഫ് ആരോപിച്ചു. എൽഡിഎഫിലെ ഉന്നതൻ നടത്തിയ പ്രസ്താവന നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.