സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകന്‍ മരിച്ചു

Saturday, August 3, 2019

സർവേ ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറാണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ റോഡിന്‍റെ വശത്ത് നിര്‍ത്തിയിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. സുഹൃത്താണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം പോലീസിനോട് പറഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും.

 

ദേവികുളം സബ്കളക്ടറായിരുന്നപ്പോള്‍ മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധ നേടിയ ആളാണ്  ശ്രീറാം വെങ്കട്ടരാമൻ. കഴിഞ്ഞ ദിവസമാണ് ശ്രീറാമിനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്.