സംസ്ഥാനത്ത് പൗരത്വഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭം ഇന്ന്

Jaihind News Bureau
Monday, December 16, 2019

സംസ്ഥാനത്ത് പൗരത്വഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭം ഇന്ന്. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സത്യാഗ്രഹ സമരമിരിക്കും. മന്ത്രിമാരും എംഎല്‍എമാരും സാംസ്‌കാരിക-കലാരംഗത്തുള്ളവരുമടക്കം സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരും സമരത്തിന്‍റെ ഭാഗമാകും.

പൗരത്വഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമായത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മതനിരപേക്ഷ മുല്യങ്ങളെയും ഇല്ലാതാക്കുന്ന പൗരത്വ ഭേദഗതി ബിൽ, ജനങ്ങളുടെ മനസ്സില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ സംയുക്ത പ്രക്ഷോഭത്തിന് വഴിയൊരിക്കിയത്.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയും മതനിരപേക്ഷതയും അട്ടമറിക്കുന്ന ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തുടർന്നാണ് ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. അതേ സമയം നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ വിവിധ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗാണ് ആദ്യം കോടതിയെ സമീപിച്ചത്. ഇത് കൂടാതെ കോണ്‍ഗ്രസ് മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെയുള്ള സംയുക്ത പ്രക്ഷോഭത്തിൽ മന്ത്രിമാരും എംഎല്‍എമാരും സാംസ്‌കാരിക-കലാരംഗത്തുള്ളവരുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും സമരത്തിന്റെ ഭാഗമാകും.