ദത്ത് വിവാദത്തില്‍ മുഖംരക്ഷിക്കല്‍ നടപടിയുമായി സിപിഎം; ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

Jaihind Webdesk
Wednesday, October 27, 2021

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത വിഷയം വിവാദമായതോടെ മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം. അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും തീരുമാനിച്ചു.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഏരിയ തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. ജയചന്ദ്രന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി തീരുമാനം വൈകുന്നേരം ചേരുന്ന ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ ന്യായീകരിച്ചു. എന്നാല്‍ വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്ന് പൊതു അഭിപ്രായം ഉയർന്നു.

അതേസമയം സംഭവത്തില്‍ വനിതാ ശിശുവികസന വകുപ്പ്  അനുപമയുടെ മൊഴി രേഖപ്പെടുത്തും. വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയാണ് മൊഴിയെടുക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്.