ജസ്നയുടെ തിരോധാനത്തിന്‍റെ ചുരുളുകൾ ഉടൻ അഴിയും; നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു എന്ന് കെ.ജി. സൈമൺ

Jaihind News Bureau
Friday, January 1, 2021

പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയുടെ തിരോധാനത്തിന്‍റെ ചുരുളുകൾ ഉടൻ അഴിയുമെന്ന് പത്തനംതിട്ട പോലീസ് മേധാവി കെ.ജി. സൈമൺ. നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു എന്നും നിർണ്ണായകമായ ചില മൊഴികൾ പോലീസ് ശേഖരിച്ചതായും വിരമിക്കൽ ദിനത്തിൽ കെ.ജി. സൈമൺ പറഞ്ഞു.

ജസ്ന തിരോധാനക്കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസ് ശേഖരിച്ചുകഴിഞ്ഞതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ പറഞ്ഞു. ജസ്ന എങ്ങോട്ടാണ് പോയത്, പ്രവർത്തനരീതികൾ എങ്ങനെയായിരുന്നു, ആരൊക്കെയായാണ് ബന്ധമുണ്ടായിരുന്നത് എന്നും പത്തനംതിട്ടയ്ക്ക് പുറത്ത് മറ്റ് ജില്ലകളിലും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ജസ്ന സ്വന്തം കുടുംബവുമായി എങ്ങനായിരുന്നു ബന്ധമെന്നതുൾപ്പടെയുള്ള കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ജസ്ന തിരോധാനക്കേസ് അന്വേഷണം ഫലം കാണുമെന്നും സത്യം ഉടൻ വെളിപ്പെടുത്താൻ കഴിയുമെന്നും കെ ജി സൈമൺ വ്യക്തമാക്കി.

അതേസമയം, കേസിൽ നല്ല പുരോഗതിയുണ്ടായപ്പോഴാണ് കൊവിഡ് വന്നതും ലോക്ക്ഡൗൺ സംഭവിച്ചതും. അതിനാലാണ് കേസന്വേഷണം പലപ്പോഴും തടസ്സപ്പെട്ടതെന്നും കെ ജി സൈമൺ പറഞ്ഞു.
ജസ്ന ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് താനിപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു കെ ജി സൈമണിന്‍റെ മറുപടി. തനിക്കതേക്കുറിച്ച് ഒന്നും ഇപ്പോൾ പറയാനാകില്ല. കേസിന്‍റെ രഹസ്യസ്വഭാവം പരിഗണിച്ച് വളരെയധികം കാര്യങ്ങൾ തുറന്ന് പറയുന്നതിന് പരിമിതികളുണ്ട്. പക്ഷേ, കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്പുറവിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും കെ ജി സൈമൺ വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലുൾപ്പടെയുള്ള കാര്യങ്ങൾ മാസ്ക് വച്ചുകൊണ്ട് ചെയ്യാനാകില്ല. ചോദ്യം ചെയ്തയാളുടെ മുഖത്ത് വരുന്ന മുഖഭാവങ്ങൾ പോലും പ്രധാനമാണ്. അത് അറിയാതെ വിശദമായ ചോദ്യം ചെയ്യൽ നടക്കില്ല.

കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്തുകഴിഞ്ഞപ്പോഴാണ് അവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വ്യക്തമായത്. അവരെ കൂട്ടിക്കൊണ്ടുവരാൻ പോയ പൊലീസുദ്യോഗസ്ഥർക്കും ഇപ്പോൾ പനിയാണെന്ന് വിവരം കിട്ടുന്നു. അത്തരത്തിൽ വലിയ വെല്ലുവിളികളും കേസന്വേഷണത്തിനിടെയുണ്ടാകുന്നുണ്ട്.

ജസ്നയുടെ തിരോധാനം പോലുള്ള കേസുകളിൽ നല്ല ഹോംവർക്ക് ആവശ്യമാണ്. ജസ്നയുടെ കേസുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ വിവരങ്ങളാണ് കിട്ടിയിട്ടുള്ളത്. ജസ്ന ബന്ധുഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട് എവിടെ വരെയെത്തി, എവിടെയെല്ലാം പോയി, ആരെയെല്ലാമാണ് കണ്ടത് എന്നതടക്കമുള്ള വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ചെന്നൈയിലെ ലാബിൽ അയച്ചാണ് ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ അടക്കം കണ്ടെത്തിയത്. എന്നാൽ കേസിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി തൽക്കാലം വിവരങ്ങൾ പലതും പുറത്തുവിടാനാകില്ലെന്നും വിരമിക്കുന്നതിന് മുൻപ് കെ ജി സൈമൺ പറയുന്നു.