‘മന്‍ കി ബാത്തല്ല, ജയിച്ചത് ജന്‍ കി ബാത്ത്’ ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

Jaihind News Bureau
Tuesday, February 11, 2020

 

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍  കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിയെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന പ്രസിഡന്‍റുമായ ഉദ്ധവ് താക്കറെ. മന്‍ കി ബാത്തല്ല ജന്‍ കി ബാത്താണ് വിജയിച്ചതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുകയും ചെയ്തു.

‘തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ച ദല്‍ഹിയിലെ ജനങ്ങളെയും അരവിന്ദ് കെജ്‌രിവാളിനെയും ഞാന്‍ അഭിനന്ദിക്കുന്നു. മന്‍ കി ബാത്തിനെ വിജയിച്ച ജന്‍ കി ബാത്താണ് ഡല്‍ഹിയില്‍ കണ്ടത്. കെജ്‌രിവാള്‍ ഒരു തീവ്രവാദിയാണെന്നാണ് ബി.ജെ.പി പറഞ്ഞത്. പക്ഷെ ബി.ജെ.പിക്ക് അവരെ തോല്‍പിക്കാനായില്ല. ഭരണകൂട ശക്തി പ്രയോഗിച്ച് ജനങ്ങളുടെ മനസിനെ മാറ്റാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. ജനം കെജ്‌രിവാളിനൊപ്പം നിന്നു’ – ഉദ്ധവ് താക്കറെ പറഞ്ഞു.

ബി.ജെ.പി എം.പി പര്‍വേഷ് വര്‍മയും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമുള്‍പ്പെടെയുള്ള നേതാക്കള്‍ കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ഷഹീന്‍ ബാഗില്‍ നടക്കുന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് പര്‍വേഷ് വെര്‍മ കെജ്‌രിവാളിനെ തീവ്രവാദി എന്ന് വിളിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പൗരത്വ പ്രതിഷേധക്കാര്‍ക്ക് ഷഹീന്‍ ബാഗില്‍ കെജ്‌രിവാള്‍ ബിരിയാണി വിളമ്പിയെന്ന് ആരോപിച്ചിരുന്നു. ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധസമരത്തെ ഒഴിപ്പിക്കാത്തതെന്ന് നേരത്തെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ വിജയമാണ് നേടിയത്.

തങ്ങള്‍ മാത്രമാണ് ദേശസ്നേഹികളെന്ന്  പറഞ്ഞ് മിഥ്യാലോകത്ത് ജീവിക്കുന്ന ചിലരുണ്ട്. രാഷ്ട്രീയ എതിരാളികളെയെല്ലാം അവർ ദേശവിരുദ്ധരായി മുദ്ര കുത്തുന്നു. ഡല്‍ഹിയിലെ ജനത അത്തരക്കാര്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഡല്‍ഹി പിടിക്കാന്‍ ഭരണകൂടത്തിന്‍റെ മുഴുവന്‍ ശക്തിയും പ്രയോഗിച്ചെങ്കിലും ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ആകെ 70 സീറ്റുകളില്‍ 62 ഉം തൂത്തുവാരിയാണ് ആം ആദ്മി തുടർച്ചയായ മൂന്നാം തവണയും രാജ്യതലസ്ഥാനം ഭരിക്കാനൊരുങ്ങുന്നത്.