ജലീല്‍ ചോദ്യം ചെയ്യാന്‍ ഒളിച്ചുപോയത് സർക്കാരിന് നാണക്കേടുണ്ടാക്കി ; മുഖ്യമന്ത്രിയുടെ ശൈലി ശരിയല്ല : വിമർശനവുമായി സി.പി.ഐ

Jaihind News Bureau
Thursday, September 24, 2020

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിനായി ഒളിച്ച് എൻ.ഐ.എ ഓഫീസിലെത്തിയത് സർക്കാരിന് നാണക്കേടായെന്ന് സി.പി.ഐ വിലയിരുത്തൽ. മാധ്യമങ്ങളെ വെല്ലുവിളിക്കുന്നതും വിവാദങ്ങളെ മുഖ്യമന്ത്രി നേരിടുന്ന ശൈലിയും ശരിയല്ല എന്നും സി.പി.ഐ നിർവാഹകസമിതിയിൽ വിമർശനം ഉയർന്നു .

കെ.ടി ജലീൽ വിഷയത്തിൽ സി.പി.ഐക്ക് അതൃപ്തി ഉണ്ട്. ജലീൽ ചോദ്യം ചെയ്യലിന് എത്തിയ രീതി ശരിയായില്ല. അത് വിമർശനങ്ങൾക്ക് ഇടയാക്കി എന്നും സി.പി.ഐ വിലയിരുത്തി. അതേസമയം വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി
മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപോയി എന്ന പ്രതികരവും ഉണ്ടായി. സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ വീഴ്ച പറ്റി എന്നും അഭിപ്രായം ഉയർന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും മറികടക്കുമെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയായി യോഗത്തില്‍ പറഞ്ഞത്.

വാർത്താസമ്മേളനങ്ങളിലും മറ്റുമായി മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറുപടി നൽകുന്ന ശൈലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് ഉയർത്തുന്നതെന്ന് സി.പി.ഐ യോഗത്തിൽ വിമർശനമുയർന്നു. വിവാദങ്ങളിൽ മുഖ്യമന്ത്രി നടത്തുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി.
മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. മന്ത്രി എന്ന നിലയിൽ ഒരു പക്വതയും കെ.ടി ജലീൽ കാട്ടിയില്ലെന്ന് യോഗത്തിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പുലർച്ചെ തന്നെ സ്വകാര്യ വാഹനത്തിൽ ഒളിച്ചുപോയ ജലീലിന്‍റെ നടപടി സർക്കാരിന് നാണക്കേടുണ്ടാക്കി. സർക്കാർ മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപ്പോയെന്നും യോഗത്തിൽ വിമർശനമുയർന്നു. സി.പി.ഐ നേതൃയോഗം ഇന്ന് സമാപിക്കും.