ജയില്‍ചാട്ട ശ്രമത്തിനിടെ മരത്തില്‍ കയറി ജീവപര്യന്തം തടവുപുള്ളി; ‘വലവിരിച്ച്’ പോലീസ്; കമ്പൊടിഞ്ഞ് വലയില്‍

Jaihind Webdesk
Tuesday, July 12, 2022

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതി മരക്കമ്പൊടിഞ്ഞ് താഴെ വീണു. ജീവപര്യന്തം തടവുകാരൻ സുഭാഷാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരത്തിൽ കയറിയത്.

ഓപ്പണ്‍ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും വഴി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി മരത്തില്‍ കയറിയത്. മരത്തിൽ നിന്നിറങ്ങണമെങ്കിൽ തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇയാള്‍ നിലകൊണ്ടു. അനുനയ ശ്രമങ്ങള്‍ മുറയ്ക്ക് നടന്നു. വഴങ്ങാതെ പ്രതിയും നിന്നു.

പിന്നാലെ മരത്തിന് താഴെ ഫയര്‍ഫോഴ്സ് വല വിരിച്ചു. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ തടവുകാരന്‍ നിന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞു. കൃത്യമായി ഫയര്‍ഫോഴ്സ് വിരിച്ച വലയിലേക്ക്. ഇതോടെ ഒരു മണിക്കൂറോളം നീണ്ട കലാപരിപാടികള്‍ക്ക് പരിസമാപ്തിയായി. പ്രതിയെ ‘വലയിലാക്കി’ പോലീസ് മടങ്ങി. സുഭാഷിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും സുരക്ഷാ വീഴ്ചയില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് സുഭാഷിനെതിരെ കേസെടുക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.