ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ബിനു ഉള്ളൂര്‍ (48) അന്തരിച്ചു

Jaihind Webdesk
Friday, September 21, 2018

ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ബിനു കുമാർ എം. (ബിനു ഉള്ളൂര്‍) അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയായ ബിനു അവിവാഹിതനാണ്.

ഭൗതികദേഹം ഇന്ന് രാത്രി പത്ത് മണിക്ക് തിരുവനന്തപുരം മരപ്പാലം മുട്ടട റോഡിലുള്ള ചൈതന്യ ഗാർഡൻസിൽ ശ്രീവത്സം വീട്ടിൽ എത്തിക്കും.

നാളെ രാവിലെ 9 മണിക്ക് പ്രസ് ക്ലബ്ബിലും 9.30ന് ഈസ്റ്റ് ഫോർട്ടിലുള്ള ജയ്ഹിന്ദ് ടി.വി കോർപറേറ്റ് ഓഫീസിലും പൊതുദർശനത്തിന് വെക്കും. 10.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം.

ജയ്ഹിന്ദ് ടിവിയുടെ തുടക്കം മുതല്‍ ബിനു ഉള്ളൂര്‍ ചാനലിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി. ജയ്ഹിന്ദില്‍ അസിസ്റ്റന്‍റ് ക്യാമറാമാനായായിരുന്നു ബിനുവിന്‍റെ തുടക്കം.  ജോലിയോടുള്ള ആത്മാര്‍ത്ഥതയും സൗമ്യമായ ഇടപെടലും കൊണ്ട് സഹപ്രവര്‍ത്തകര്‍ക്കും  മേലധികാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ശബരിമലയിൽ ഏറ്റവും ദീർഘകാലം സേവനം അനുഷ്ഠിച്ച മാധ്യമപ്രവർത്തകൻ ആയിരുന്നു ബിനു.  കഴിഞ്ഞവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തെ ആദരിച്ചിരുന്നു. സന്നിധാനത്തെത്തുന്ന സാധാരണക്കാര്‍ക്കും മറക്കാനാകാത്ത മുഖമായിരുന്നു ബിനുവിന്‍റേത്. ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ചും ദാഹിച്ചെത്തുന്ന അയ്യപ്പന്മാര്‍ക്ക് ദാഹജലമേകിയും കൂട്ടം തെറ്റുന്നവര്‍ക്ക് വഴികാട്ടിയായും ബിനു ശബരിമലയിലെ സ്ഥിര സാന്നിദ്ധ്യമായി.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ശബരിമലയിലെ വിഷ്വല്‍ ലൈബ്രറി എന്ന് അറിയപ്പെട്ട ബിനു പക്ഷേ എല്ലാ അഭിനന്ദനങ്ങള്‍ക്കും പ്രശംസാവചനങ്ങള്‍ക്കുമുള്ള മറുപടി സ്വാമിയെ ശരണമയ്യപ്പാ എന്ന വാക്കുകളില്‍ ഒതുക്കി…

ദീപ്തമായ  ആ ഓർമ്മകളിലേക്ക്…