‘സ്വർണ്ണക്കടത്തിനൊപ്പം ഒരു അധോലോകം വളർന്നുവരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു ; ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് അറിഞ്ഞിരുന്നില്ല’ : പരിഹസിച്ച് വി.ഡി സതീശന്‍

Jaihind News Bureau
Monday, August 24, 2020

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ചും അതിലൂടെയുണ്ടാകുന്ന നികുതിച്ചോർച്ചയെക്കുറിച്ചും മാർച്ച് നാലിന് സഭയിൽ താൻ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. കള്ളക്കടത്തിനൊപ്പം ഒരു അധോലോകം വളർന്നുവരുന്നത് അന്നേ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്‍റെയെല്ലാം ആസ്ഥാനം മുഖ്യമന്ത്രിയുടെ തന്നെ ഓഫീസ് ആണെന്ന കാര്യം അന്ന് അറിഞ്ഞിരുന്നില്ലെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർക്ക് ആന്‍റണിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് വി.ഡി സതീശൻ അവിശ്വാസ പ്രമേയത്തിന് തുടക്കമിട്ടത്. സംസ്ഥാന ഭരണത്തിന്‍റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ചുഴിയിലും മലരിയിലും പെട്ട് ആടിയുലയുന്ന കപ്പലിന്‍റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് നഷ്ടമായിരിക്കുന്നു.  ഭരണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന കപ്പിത്താന്‍റെ കാബിനില്‍ തന്നെയാണ് പ്രധാന പ്രശ്നമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ മണിക്കൂറുകളോളം  ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നത്. എല്ലാ കുറ്റവും ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നത്. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എന്തറിഞ്ഞാണ് ഭരിച്ചതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

https://www.youtube.com/watch?v=4dnZZNYy1VE