‘സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് തെറ്റായ മാർഗം’ ; സമരപ്പന്തല്‍ സന്ദർശിച്ച് താരിഖ് അന്‍വർ

Jaihind News Bureau
Friday, February 19, 2021

 

തിരുവനന്തപുരം : ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന സർക്കാർ നിലപാടിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കുന്നത് തെറ്റായ മാർഗമാണെന്നും താരിഖ് അൻവർ പറഞ്ഞു. ഉദ്യോഗാർത്ഥികൾ വിഡ്ഡികളല്ല എന്നും രാഷ്ട്രീയപ്രേരിത സമരമെന്ന സർക്കാർ ആക്ഷേപം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി തുടരുന്നത് നരേന്ദ്ര മോദിയുടെ ശൈലിയാണെന്നും എത്രയും പെട്ടെന്ന് ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനം ഒട്ടുക്ക് സമരം വ്യാപിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി പി വിശ്വനാഥനും പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എം.എൽ.എമാരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.