കൊവിഡിന്റെ മറവിൽ എതിർപ്പ് അവഗണിച്ച് അതിരപ്പള്ളി പദ്ധതിക്ക് സർക്കാർ എൻ.ഒ.സി നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ.
പ്രകൃതിക്ക് മേലുള്ള ആഘാതവും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കുമ്പോൾഅതിരപ്പള്ളി ജല വൈദ്യുത പദ്ധതിയേക്കാൾ ലാഭകരവും മികവുറ്റതും എൽ.ഇ.ഡി ബൾബുകളാണെന്ന് കണക്കു നിരത്തി പറഞ്ഞത് പിണറായി വിജയൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി തോമസ് ഐസക്കാണ്. അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുടെ ചിലവ് 1550 കോടി രൂപയും ഊർജ്ജം ഉത്പാദിക്കപ്പെടുന്നത് 150 മുതൽ 170 മെഗാവാൾട്ട് വരെയാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്. അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്ക് പകരം എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ചാലുള്ള ചിലവ് 250 കോടി രൂപയും ഊർജ്ജ ലാഭം 250 മെഗാവാൾട്ടെന്നുമാണ് ധനമന്ത്രി വാദിച്ചത്.
കോൺഗ്രസ്സ് മാത്രമല്ല പദ്ധതിയെ എതിർക്കുന്നതെന്നും സി.പി.എമ്മിലെ തന്നെ ചില നേതാക്കളും, സി.പി.ഐയും രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമാണ്. ഈ എതിർപ്പെല്ലാം മറികടന്നാണ് സർക്കാരിന്റെ നടപടി.
തുടർച്ചയായി രണ്ട് പ്രളയങ്ങളുണ്ടായി നാട് തകർന്നിട്ടും ഒരു പാഠവും സർക്കാർ പഠിച്ചില്ല. പഠിക്കാൻ നെതർലാന്റ്സിൽ പോയ മുഖ്യമന്ത്രി ഐസക്ക് പറഞ്ഞത് പോലെ , ആ പൈസക്ക് നാല് എൽ.ഇ.ഡി ബൾബുകൾ വാങ്ങിയിട്ടിരുന്നേൽ അതിന്റെ ഒരു മെച്ചമെങ്കിലും നാടിന് കിട്ടിയേനെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാരിസ്ഥിതികമായും സാമ്പത്തികമായും ഊർജ്ജോല്പാദനപരമായും നഷ്ടം മാത്രമുള്ള ഒരു പദ്ധതി എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ച് സർക്കാർ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആരെ സഹായിക്കാനാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
കൊവിഡ് കാലത്ത് സർക്കാർ ‘ഒളിച്ചു കടത്തി’ നടപ്പിലാക്കുവാൻ ശ്രമിച്ച തീരുമാനങ്ങളിലെ ഏറ്റവും ജനവിരുദ്ധമായ തീരുമാനമാണിത്. ദുരന്തങ്ങളെ ഒരു ‘ പി.ആർ എക്സർസൈസിന്’ ഉള്ള വേദിയായി കാണുന്ന സർക്കാർ അടുത്ത ദുരന്തത്തിനുള്ള അടിത്തറയിടുകയാണ്. സർക്കാർ പ്രകൃതിക്കും, ജനങ്ങൾക്കുമൊപ്പമല്ല, നിർമ്മാണ ദല്ലാൾമാർക്കും, കമ്മീഷനുമൊപ്പമാണ്. ജനങ്ങളെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുവാൻ യൂത്ത് കോൺഗ്രസ്സ് അനുവദിക്കില്ല. ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ അതിരപ്പള്ളി സംരക്ഷണത്തിന് വേണ്ടി യൂത്ത് കോൺഗ്രസ്സ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.