ഐഎസ്എല്‍ : ബംഗളൂരു – ജംഷഡ്പൂർ മത്സരം സമനിലയിൽ

Jaihind Webdesk
Monday, October 8, 2018

ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ബംഗളൂരു എഫ്‌സി- ജംഷഡ്പൂർ എഫ്‌സി മത്സരം സമനിലയിൽ പിരിഞ്ഞു. 2-2നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ബംഗളൂരു വിജയത്തിലേക്ക് നീങ്ങിയ പോരാട്ടത്തിന്‍റെ ഇഞ്ച്വറി ടൈമിൽ ഗോൾ നേടിയാണ് ജംഷഡ്പൂർ സമനില സ്വന്തമാക്കിയത്.

രണ്ട് തവണയും ലീഡ് നേടിയ ശേഷമാണ് ബംഗളൂരു ഗോൾ വഴങ്ങിയത്
നിഷു കുമാർ സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായി സ്‌കോർ ചെയ്തത്. ഗൗരവ് മുഖി , സെർജിയോ സിഡോൺച്ച എന്നിവർ ജംഷഡ്പൂരിന്‍റെ ഗോളുകൾ നേടി.

ആവേശത്തിനൊപ്പം ചരിത്രം കൂടെ പിറന്ന മത്സരമായിരുന്നു ഇത്. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്‍റെ അരങ്ങേറ്റവും ഗോളും ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ആരാധകർക്ക് വിരുന്നായി.

ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ നിഷു കുമാർ നേടിയ ഒരു ഗോളിന്റെ ലീഡിൽ നിൽക്കുകയായിരുന്നു ബംഗളൂരു എഫ് സി. 71ാം മിനുട്ടിൽ ഗൗരവ് മുഖിയുടെ സബ്ബായുള്ള വരവ് കളി മാറ്റി. 10 മിനുട്ടിനകം മുഖി ഗോൾ കണ്ടെത്തി. ഐഎസ്എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ഈ യുവ പ്രതിഭ.

ആർകസിന്‍റെ അസിസ്റ്റിൽ ആയിരുന്നു മുഖിയുടെ ഗോൾ.  ജംഷഡ്പൂരിന്‍റെ സമനില ഗോളിന് നായകൻ സുനിൽ ഛേത്രിയിലൂടെ 85ാം മിനുട്ടിൽ ബംഗളൂരു മറുപടി പറഞ്ഞ് ലീഡ് സ്വന്തമാക്കി. ഛേത്രിയുടെ ഈ സീസണിലെ ആദ്യ ഗോളാണിത്. എന്നാൽ അവസാന നിമിഷം വരെ പൊരുതി ജംഷഡ്പൂർ സമനില പിടിച്ചെടുക്കുകയായിരുന്നു.