ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

Jaihind Webdesk
Monday, November 14, 2022

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകർത്തത്.  കളിയുടെ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് എഫ്.സി.ഗോവയെ ആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ കേരളത്തിൻ്റെ സ്വന്തം മഞ്ഞപ്പട തരിപ്പണമാക്കിയത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്‍റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി  ഗോളുകള്‍ നേടിയത്.

നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയിന്‍റാണ് ബ്ലാസ്റ്റേഴ്‌സിന്. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുമായി ഗോവ നാലാം സ്ഥാനത്താണ്.43-ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോള്‍. ബോക്‌സില്‍ നിന്ന് സഹല്‍ അബ്ദു സമദ് നല്‍കിയ പാസാണ് ഗോളില്‍ അവസാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മഞ്ഞപ്പട രണ്ടാം ഗോളും നേടി. ഇത്തവണ പെനാല്‍റ്റിയാണ് ഗോളായി മാറിയത്.പെനാല്‍റ്റി കിക്കെടുത്ത ദിമിത്രിയോസിന് ഗോവന്‍ ഗോള്‍ കീപ്പറെ കാഴ്ച്ചകാരനാക്കി വല കുലുക്കി. 52-ാം മിനിറ്റില്‍ കല്‍യൂഷ്‌നി ലീഡ് മൂന്നാക്കി ഉയര്‍ത്തി.67-ാം മിനിറ്റില്‍ ഗോവ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു ഹെഡ്ഡറിലൂടെയാണ് നോഹ് ഗോള്‍ നേടിയത്. സെരിറ്റണ്‍ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ നോഹ് തലവെക്കുകയായിരുന്നു.