മലയാളം സര്‍വകലാശാലയുടെ സ്ഥലമെടുപ്പിലെ ക്രമക്കേട്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Jaihind Webdesk
Thursday, June 27, 2019

Ramesh-Chennithala

മലയാളം സർവകലാശാലയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സ്ഥലമെടുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നും അടിയന്തര സാഹചര്യമുള്ള വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.

മലയാളം സർവകലാശാലയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സർവകലാശാലയുടെ വികസന സംരംഭങ്ങൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ 2016 ലെ റിപ്പോർട്ട് ആണിതെന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥനയിലും ചോദ്യോത്തരവേളയിലും വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ അടിയന്തര പ്രമേയം തള്ളി. വിഷയം ഒന്നാമത്തെ സബ്മിഷനായി അനുവദിക്കാമെന്ന് സ്പീക്കർ പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അടിയന്തര പ്രമേയമായിത്തന്നെ വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാൽ വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 2019 ലാണ് ഉണ്ടായതെന്നും
കോടിക്കണക്കിന് രൂപ കമ്മീഷൻ വാങ്ങിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലും അടിയന്തരമായി വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ സഭാ നടപടികൾ തുടർന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.