ഇൻറർപോളിന്‍റെ മേധാവിയെ കാണാനില്ലെന്ന് റിപ്പോർട്ട്

Jaihind Webdesk
Saturday, October 6, 2018

അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇൻറർപോളിൻറെ മേധാവി മെഗ് ഹൊഗ്വയേ കാണാതായതായി റിപ്പോർട്ട്. ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെ കാണാതായെന്നാണ് ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൈനീസ് സ്വദേശിയായ മെംഗും ഭാര്യയും ഇന്‍റർപോളിന്‍റെ ആസ്ഥാനമായ ലിയോണിലാണു താമസിച്ചിരുന്നത്.

ഫ്രാൻസിലെ ല്യോൺ എന്ന നഗരത്തിലാണ് ഇൻറർപോൾ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സെപ്തംബർ 29-ന് ചൈനയിലേക്ക് പോയ മെഗ് ഹൊഗ്വയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നാണ് ഭാര്യ ഫ്രഞ്ച് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഫ്രാൻസിൽ വച്ചല്ല മെഗിനെ കാണാതായെന്നാണ് ഇൻറർപോൾ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

64-കാരനായ മെഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവാണ്. നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിൻറെ സഹമന്ത്രിയായിരുന്നു. രണ്ട് വർഷം മുൻപാണ് അദ്ദേഹം ഇൻർപോൾ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. 192 രാജ്യങ്ങൾ അംഗങ്ങളായുള്ള ഇന്റ ർപോളിന്റെ തലപ്പത്തെത്തിയ ആദ്യത്തെ ചൈനീസ് ഓഫീസറാണ് മെംഗ്.