ഐ.ടി മേഖലയും അസ്വസ്ഥമാകുന്നു; കൊഗ്നിസാന്‍റിന് പിന്നാലെ ഇന്‍ഫോസിസിലും പിരിച്ചുവിടല്‍; പതിമൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

Jaihind News Bureau
Tuesday, November 5, 2019

രാജ്യത്തെ സാമ്പത്തിക മാന്ദ്യവും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും ഐ.ടി മേഖലയെയും അസ്വസ്ഥമാക്കുന്നതായി സൂചന. വന്‍കിട ഐടി കമ്പനികള്‍ പോലും തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ ആഗോള ഐ.ടി കമ്പനിയും ഫേസ്ബുക്കിന്‍റെ കണ്ടന്‍റ് റിവ്യൂ കോന്‍ട്രാക്ടേഴ്സുമായ കൊഗ്‌നിസാന്‍റ് ടെക്നോളജി സൊലൂഷന്‍സിന് പിന്നാലെ ഇന്‍ഫോസിസും തൊഴിലാളെ പിരിച്ചുവിടുന്നു. പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍ നിന്നും പതിനായിരത്തോളം സീനിയര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

സീനിയര്‍ ജീവനക്കാരില്‍ നിന്നും പത്ത് ശതമാനം വര്‍ക്ക്‌ഫോഴ്‌സ് കുറയ്ക്കാനും അസോസിയേറ്റ്-മിഡില്‍ ലെവല്‍ ജീവനക്കാരില്‍ നിന്നും രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ പിരിച്ചുവിടാനുമാണ് തീരുമാനം. ഇപ്പോള്‍ 6000 പേരെയും സാമ്പത്തിക വര്‍ഷത്തിന്‍റെ അടുത്ത പാദങ്ങള്‍ക്കുള്ളില്‍ 7,000 സീനിയര്‍ തൊഴിലാളികളെയും പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഒരുപാട് പേര്‍ തൊഴിലാളികളായെത്തുമ്പോള്‍ കമ്പനി സ്വാഭാവികമായി നടത്തുന്ന പിരിച്ചുവിടല്‍ പ്രക്രിയയാണ് ഇതെന്നും മറ്റ് കാരണങ്ങളൊന്നും പിരിച്ചുവിടലിന് പിന്നിലില്ലെന്നുമാണ് ഇന്‍ഫോസിസ് പിരിച്ചുവിടലിനെ വിശദീകരിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് സമാനരീതിയില്‍ കൊഗ്‌നിസാന്‍റ് ടെക്നോളജി സൊലൂഷന്‍ 13000 തൊഴിലാളികളെ പിരിച്ചുവിട്ടത്. വ്യാപാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്നതെന്നാണ് കമ്പനിയുടെ വാദം.