ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ഫാന്‍റം ഫിലിംസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Jaihind Webdesk
Saturday, October 6, 2018

7 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് അന്ത്യം… ഫാന്‍റം ഫിലിംസ് ഇനി ഇല്ല. ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനി പൂട്ടുവാന്‍ നാല്‍വര്‍ സംഘം തീരുമാനിച്ചു. ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആദ്യത്തെ പ്രൊഡക്ഷന്‍ കമ്പനി എന്ന ലേബലില്‍ എത്തിയ ഫാന്‍റം ഫിലിംസ് അനുരാഗ് കാശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‌വാനെ, മധു മന്റേന എന്നിവര്‍ ചേര്‍ന്നാണ് ഉണ്ടാക്കിയത്.

7 വർഷം നീണ്ട പാർട്ണർഷിപ്പ് പിരിയാനും കമ്പനി പിരിച്ചുവിടാനും തീരുമാനമായി. അനുരാഗ് കാശ്യപും വിക്രമാദിത്യ മോട്‌വാനെയും ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

മോട്‌വാനെ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ലുട്ടേര ആയിരുന്നു ഫാന്‍റം ഫിലിംസിന്‍റെ ആദ്യ സംരംഭം. ക്വീൻ, മസാൻ, ഉഡ്താ പഞ്ചാബ് തുടങ്ങി ഒട്ടേറെ ഹിറ്റുകൾ കമ്പനിയുടേതായി പുറത്തെത്തി. ബഡ്ജറ്റ് ചിത്രമായി പുറത്തിറക്കിയ ക്വീൻ 100 കോടി ക്ലബിലേയ്ക്ക് കടന്നു. ബോക്‌സോഫീസിൽ 25 കോടിയോളം നേടിയ മൻമർസിയാം എന്ന ഹിറ്റും ഫാന്‍റം ഫിലിംസിന്‍റേതായിരുന്നു.

2015ൽ അനിൽ അംബാനിയുടെ റിലയൻസ് എന്‍റർടെയിൻമെന്‍റുമായി 50 :50 പാർട്ണർഷിപ്പും ഫാന്‍റം ഫിലിംസ് തുടങ്ങിയിരുന്നു. ഫാന്‍റം ഫിലിംസ് എന്ന കൂട്ടായ്മ പിരിച്ചുവിട്ടാലും റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നാല് പേരും തുടരുമെന്ന് റിലയന്‍സ് സിഒഒ അറിയിച്ചു.   നാലു പേരും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും റിലയന്‍സിനൊപ്പം ഉണ്ടാകുമെന്ന് ഇത് ഓരോരുത്തര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും അവരുടെ കഴിവിനെ നാലിരട്ടിയായി എത്തിക്കാന്‍  ഉതകുമെന്നും റിലയന്‍സ് സിഒഒ പ്രത്യാശ പ്രകടിപ്പിച്ചു.