ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി പാസ്പോര്‍ട്ടില്‍ വിദേശത്തെ പ്രാദേശിക വിലാസം നല്‍കാം ; ഗള്‍ഫില്‍ വീടോ വില്ലയോ വാടകയ്ക്ക് എടുത്ത് താമസിക്കുന്നവര്‍ക്കും വിദേശവിലാസം വെയ്ക്കാം

B.S. Shiju
Tuesday, October 27, 2020


ദുബായ് : യുഎഇയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് , ഇനി വിദേശത്തെ താമസ സ്ഥലത്തിന്റെ വിലാസം ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ കഴിയും. ഇതുസംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ സ്ഥിരമായതോ സാധുതയുള്ളതോ ആയ വിലാസങ്ങള്‍ ഇല്ലാത്തവരെ സഹായിക്കുക എന്ന നടപടികളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം. ഇതോടെ, യുഎഇയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് , ഇനി വിദേശത്തെ താമസ സ്ഥലത്തിന്റെ വിലാസം ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ കഴിയും. അതേസമയം, ഇന്ത്യയില്‍ കൃത്യമായ മേല്‍വിലാസം ഉള്ളവര്‍, ഇത്തരത്തില്‍ വിലാസം മാറ്റേണ്ടതില്ല.

വിദേശത്ത് വളരെക്കാലം താമസിക്കുന്ന നിരവധി ആളുകള്‍ക്ക് , ഇന്ത്യയില്‍ സാധുവായ വിലാസമില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്ന. ഇതോടെയാണ് ഈ മാറ്റം. ഇപ്രകാരം, പ്രാദേശിക വിലാസം പാസ്പോര്‍ട്ടില്‍ ചേര്‍ക്കാനായി, റസിഡന്‍സ് പ്രൂഫ് വ്യക്തമാക്കുന്ന താമസ രേഖ, പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ഹാജരാക്കണം. എന്നാല്‍, നിലവിലുള്ള പാസ്പോര്‍ട്ടുകളില്‍ വിലാസത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ മാത്രം ചെയ്താല്‍ മതിയാകും. വിദേശത്ത് ഫ്‌ളാറ്റോ, വില്ലയോ വാടകയ്ക്കെടുത്തോ, സ്വന്തമായി വാങ്ങി താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക്, ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.