ടി 20 ലോകകപ്പ് ; ഇന്ത്യയ്ക്ക് മിന്നും വിജയം

Jaihind Webdesk
Wednesday, November 2, 2022

ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം. മഴ കളിമുടക്കിയ സൂപ്പര്‍ 12 പോരാട്ടത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം. 14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി.

ഇടയ്ക്ക് മഴ കളിമുടക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന് നേടാനായത് 145 റണ്‍സ് മാത്രം.

ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച സിംബാവെയുമായാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ 12 മത്സരം. ഇതില്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.

ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍ത്തടിച്ച ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് 50 തികച്ച താരം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനിടെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം രോഹിത് ശര്‍യുടെ വിക്കറ്റോടെയായിരുന്നു(2). എന്നാല്‍ ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം കെ എല്‍ രാഹുലിന്റെ മികച്ച ബാറ്റിങ്ങാണ് അഡ്ലെയ്ഡില്‍ കണ്ടത്. 32 പന്തില്‍ 50 റണ്‍സാണ് രാഹുല്‍ നേടിയത്. 16 പന്തില്‍ 30 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മധ്യ ഓവറുകളിലെ റണ്‍ റേറ്റ് ഉയര്‍ത്തിയത്.
രാഹുല്‍- കോലി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ഫോം കണ്ടെടുത്തത് ഇന്ത്യ ആശ്വാസമായി.വിരാട് കോഹ്ലിയുടെ (44 പന്തില്‍ പുറത്താകാതെ 64 ) മികച്ച ബാറ്റിങ്ങിലാണ് ഇന്ത്യ 184 റണ്‍സിലേക്ക് എത്തിച്ചേര്‍ന്നത്.

അഡ്ലെയ്ഡില്‍ ബംഗ്ലാദേശിനെതിരെ 16 റണ്‍സ് കടന്നതോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും വിരാട് കോഹ്ലി മാറി