മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

Jaihind News Bureau
Tuesday, January 21, 2020

പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന്‍റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ന്യൂസിലൻഡിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ മ#ൂന്നാം ഏകദിനത്തിൽ ശിഖർ ധവാന് പരിക്കേറ്റിരുന്നു. തുടർന്നുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സ്ഞ്ജുവിന് നറുക്ക്വീണത്. നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളിൽ സഞ്ജു ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

എന്നാൽ ശ്രീലങ്കക്കെതിരായ അവസാന ട്വന്‍റി 20യിൽ മാത്രമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശർമ തിരിച്ചെത്തിയതോടെ ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ സെലക്ടർമാർ ഒഴിവാക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെയാണ് ശിഖർ ധവാണ് വീണ് തോളിന് പരിക്കേറ്റത്. ഫെബ്രുവരി ആദ്യവാരം മുതൽ മാത്രമെ ധവാന് വീണ്ടും പരിശീലനം തുടങ്ങാനാവു. ഈ സാഹചര്യത്തിൽ സഞ്ജുവിനെ തിരികെ വിളിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സ്ഥിരീകരിച്ചു. ഏകദിന ടീമിൽ ധവാന്‍റെ പകരക്കാരനായി പൃഥ്വി ഷായെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ട്വന്‍റി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ മത്സരം.