വെസ്റ്റിൻഡീസിനെതിരായ ടി20 ടീമിൽ നിന്നും ശിഖർ ധവാൻ പുറത്ത്; സഞ്ജു സാംസണ് സാധ്യതയേറുന്നു

Jaihind News Bureau
Wednesday, November 27, 2019

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ വെസ്റ്റിൻഡീസിനെതിരെ തുടങ്ങുന്ന ടി20യിൽ പരമ്പരയിൽ നിന്ന് പുറത്ത്. ഡിസംബർ 6ന് വെസ്റ്റിൻഡീസിനെതിരായ പരമ്പര തുടങ്ങാനിരിക്കെ താരത്തിന് പരിക്കാണ് തിരിച്ചടിയാവുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നേടാൻ സാധ്യതയേറുന്നു.

സയ്ദ് മുഷ്താഖ് ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെ കളിക്കുമ്പോഴാണ് ശിഖർ ധവാന് പരിക്കേറ്റത്. ഇതോടെ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യതയേറി.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നെങ്കിലും താരത്തിന് ഒരു മത്സരം കളിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല. ശേഷം വിൻഡീസിനെതിരായ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നില്ല. ഇതോടെ പല പ്രമുഖരും താരത്തെ ഒഴിവാക്കിയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്‍റെ ഇന്ത്യൻ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ൽ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി -20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തിൽ നിന്നും 19 റൺ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താൻ നാല് വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബർ ആറിനാണ് ആരംഭിക്കുക. മൂന്ന് മത്സര പരമ്പരയിൽ രണ്ടാമത്തെ മത്സരം സഞ്ജുവിന്‍റെ ജന്മനാടായ തിരുവനന്തപുരത്താണ്.