യുഎഇയില്‍ ഇനി സ്‌കൂള്‍ ബസിലെ ക്യാമറ വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാം; 2000 സ്‌കൂള്‍ ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചു

Elvis Chummar
Friday, February 17, 2023

 

ദുബായ്: യുഎഇയിലെ രക്ഷിതാക്കള്‍ക്ക് ഇനി സ്‌കൂള്‍ ബസിലെ ക്യാമറകളിലൂടെ മക്കളെ നിരീക്ഷിക്കാന്‍ കഴിയും. പുതിയ സംരംഭത്തിന്‍റെ ഭാഗമായി ഷാര്‍ജയിലെ 2000 സ്‌കൂള്‍ ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചു. ‘യുവര്‍ ചില്‍ഡ്രന്‍ ആര്‍ സേഫ്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്.

ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി (SPEA) ആണ് എമിറേറ്റിലെ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന 2000 ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചത്. സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളെ നിരീക്ഷിക്കാന്‍  ഈ ക്യാമറകള്‍ രക്ഷിതാക്കളെ സഹായിക്കും. ഇതുസംബന്ധിച്ച് ഷാര്‍ജയിലെ 3,250 ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അധികൃതര്‍ സുരക്ഷാ പരിശീലനം നല്‍കി.