യുഎഇയില്‍ മദ്യപാനം വ്യവസ്ഥകളോടെ കുറ്റകരമല്ലാതാക്കി ; പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷയില്ല ; രാജ്യത്തെ ശിക്ഷാനിയമങ്ങളില്‍ സമഗ്ര ഭേദഗതി

Jaihind News Bureau
Sunday, November 8, 2020

 

ദുബായ് : യുഎഇയില്‍ വ്യക്തിഗത, കുടുംബ, പിന്തുടര്‍ച്ചാവകാശ ശിക്ഷാനിയമങ്ങളില്‍, സമഗ്ര ഭേദഗതികള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച്, ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കും.

അതേസമയം, മദ്യപാനം വ്യവസ്ഥകളോടെ കുറ്റം അല്ലാതാക്കി.  21 വയസിനു മുകളിലുള്ളവര്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കും. പൊതുസ്ഥലങ്ങളില്‍ ചുംബനത്തിലേര്‍പ്പെടുന്നതിന് ഉണ്ടായിരുന്ന ശിക്ഷ, തടവിനു പകരം പിഴയാക്കി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി ശിക്ഷയില്ല. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും.  ചില നിയമങ്ങള്‍ എടുത്തുമാറ്റിയും, പുതിയ ചിലത് ഉള്‍പ്പെടുത്തിയുമാണ് ഈ മാറ്റം പ്രഖ്യാപിച്ചത്.