സർക്കാർ ക്വാറന്‍റൈനില്‍ പെണ്‍കുട്ടിക്ക് നല്‍കിയത് സുരക്ഷിതമല്ലാത്ത ഇടം ; എം.കെ രാഘവന്‍ എം.പിയുടെ ഇടപെടലില്‍ പരിഹാരം

Jaihind News Bureau
Wednesday, June 24, 2020

കോഴിക്കോട് : സർക്കാർ ക്വാറന്‍റൈനില്‍ സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ പെണ്‍കുട്ടിക്ക് എം.കെ രാഘവൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് താമസ സൗകര്യം ലഭ്യമായി. ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ യുവതിക്കാണ് അടച്ചുറപ്പുള്ള വാതിൽ പോലുമില്ലാത്ത മുറി നൽകി അധികൃതർ കയ്യൊഴിഞ്ഞത്.

ചെന്നൈയില്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കായണ്ണ സ്വദേശിനിയായ 22 കാരിക്ക് രോഗമുക്തി നേടിയ ശേഷമുള്ള ക്വാറന്‍റൈൻ സൗകര്യത്തിനായാണ് അധികൃതരെ സമീപിച്ചത്. എന്നാൽ അധികൃതർ ഒരുക്കിയ കായണ്ണ ഹയർ സെക്കന്‍ററി സ്കൂളിലെ മുറിക്ക് ശരിയായ വാതിലോ ജനലോ പോലുമില്ല. വളണ്ടിയർ എന്ന പേരിൽ ഒരാളും അന്വേഷിച്ചിട്ടില്ല. ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കഴിയേണ്ടി വരുമെന്ന് ഭയന്ന് പിതാവ് കാവൽ നിൽക്കുകയായിരുന്നുവെന്നും
ആരോഗ്യപ്രവർത്തകയായ പെൺകുട്ടി പറയുന്നു.

പെൺകുട്ടിയുടെ അമ്മ വിഷയം കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് എം.കെ രാഘവന്‍ എം.പി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നത്. എം.പി വിളിച്ചതോടെ കളക്ടര്‍ നേരിട്ട് ഇടപെട്ട് പെൺകുട്ടിയെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.