വിഴിഞ്ഞം സമരത്തില്‍ അടിയന്തരമായി ഇടപെടണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind Webdesk
Sunday, September 4, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ പൂര്‍ണ്ണരൂപം:

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച (5.09.22 ) മുതല്‍ മുല്ലൂരിലെ സമര കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടേയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്‍റേയും നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരേയും അല്‍മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി തല സമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചര്‍ച്ചകള്‍ കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുകയാണ് അഭികാമ്യം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി എത്രയും വേഗം മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.