‘ആരെയാണ് പേടിപ്പിക്കുന്നത്? ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെ’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, July 20, 2022

തിരുവനന്തപുരം: കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുക്കണമെന്ന ഡിവൈഎഫ്ഐ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്നും വി.ഡി സതീശന്‍ വെല്ലുവിളിച്ചു.

‘ആരെയാണ് കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്, എന്നെയോ? കെ സുധാകരനെയോ? രണ്ട് കുട്ടികള്‍ പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചപ്പോഴേക്കും ഭയപ്പെടാന്‍ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ എന്നാണ് ആലോചിക്കുന്നത്’ – വി.ഡി സതീശന്‍ പറഞ്ഞു.

ആളുകളുടെ സാമാന്യ ബോധത്തെയും പൊതുബോധത്തെയും സർക്കാർ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഇ.പി ജയരാജനെ പരസ്യമായി സംരക്ഷിച്ചു. പോലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. പല പോലീസുകാരും ചെയ്യുന്നത് ദാസ്യവേലയാണ്. ഇനിയും അത് തുടർന്നാൽ ആ പോലീസുകാരുടെ പേര് പറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇതിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ഭരണഘടനാ ലംഘന പരാമര്‍ശം നടത്തി മന്ത്രി പണി പോയതും എകെജി സെന്‍റര്‍ ആക്രമിച്ചതുമെല്ലാം. പോലീസ് കൃത്യമായി അന്വേഷിച്ചാൽ ഒരു മണിക്കൂർ കൊണ്ട് എകെജി സെന്‍റർ ആക്രമിച്ചവരെ കണ്ടെത്താവുന്നതേ ഉള്ളൂ. പോലീസ് പിടികൂടില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. വിഷയം ചര്‍ച്ചയാവട്ടെ എന്ന് കരുതി തന്നെയാണ് ഭരണപക്ഷത്തിന്‍റെ ഒരു പാര്‍ട്ടി ഓഫീസ് അക്രമിച്ചതില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. പ്രതികൂല കാലാവസ്ഥ മൂലം നിര്‍ത്തിവെച്ച സമരപരിപാടികള്‍ പ്രതിപക്ഷം വീണ്ടും തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.