‘ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി ഭയക്കുന്നതെന്തിന്? സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തയാറാകാത്തത് എന്തുകൊണ്ട്?’ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, July 30, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സി.ബി.ഐക്ക് കൈമാറാന്‍ താല്‍പര്യം കാണിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ബാലഭാസ്‌കറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും തന്നെയാണെന്നും കേസ് ബി.ഐയ്ക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.  എന്നാല്‍ അന്താരാഷ്ട്ര മാനങ്ങളുള്ളതും സംസ്ഥാനത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയതുമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും  മുഖ്യമന്ത്രി ഇതിന് തയാറാകുന്നില്ല. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെന്തിനാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് സംശങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാത്രം നടത്തുന്ന അന്വേഷണം കൊണ്ട് പ്രയോജനമില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി അന്വേഷിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. എന്‍.ഐ.എ, കസ്റ്റംസ് ഏജന്‍സികളുടെ അന്വേഷണം പ്രാഥമികഘട്ടത്തിലുള്ളതിനിടെ ചില രാഷ്ട്രീയ നീക്കങ്ങളും ഇടപെടലുകളും ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായി ബലമായ സംശയമുണ്ട്. രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി സി.പി.എമ്മും ബി.ജെ.പിയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവ്ലിന്‍ കേസ് പതിനെട്ട് തവണ തുടര്‍ച്ചയായി മാറ്റിവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ഒളിച്ചുകളി വ്യക്തമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

teevandi enkile ennodu para