‘ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടും’ : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, August 20, 2021

 

കൊച്ചി : മന്ത്രി എ.കെ ശശീന്ദ്രനെതിരായ കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊവിഡാനന്തര ചികിത്സക്ക് പണം ഇടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും മലയാളം നിഘണ്ടു പ്രകാരം പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ലെന്നും കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലാത്ത സാഹചര്യത്തിൽ മന്ത്രി കുറ്റക്കാരനല്ലെന്നുമാണ് പൊലിസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെന്‍റ് പ്ളീഡർ ആർ സേതുനാഥൻപിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറി.