‘ജയിലല്ല, എനിക്ക് ആശങ്ക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് മാത്രം’: പി ചിദംബരം

Jaihind News Bureau
Thursday, September 5, 2019

താന്‍ ജയിലില്‍ പോകുന്നതിലല്ല ആശങ്കപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് മാത്രമാണെന്ന് ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി വിധിച്ച് തിഹാര്‍ ജയിലിലേക്ക് പോകവെ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. സെപ്റ്റംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി.

‘അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്. ദല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.

അതെസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തനിക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം അപേക്ഷ നല്‍കിയതായി അറിയുന്നു. തനിക്ക് സുരക്ഷിതത്വുമുള്ള പ്രത്യേക സെല്ല് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഎന്‍എക്സ് മീഡിയ പണം തട്ടിപ്പ് കേസില്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തോട്ടെ എന്നും എന്തിനാണ് തിഹാര്‍ ജയിലിലടയ്ക്കുന്നത് എന്നും പി ചിദംബരം ചോദിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ പ്രത്യേകം പരിഗണിക്കണം എന്ന ആവശ്യം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ചിദംബരത്തിന് തിഹാറിലേക്ക് പോകേണ്ടി വന്നത്.