യു.എ.ഇ ചരിത്രം രചിക്കുന്ന ചൊവ്വാ ദൗത്യത്തിന് ഇനി മണിക്കൂറുകള്‍ : റോക്കറ്റ് പാഡില്‍ കയറ്റി ; ‘പ്രതീക്ഷ’കള്‍ക്ക് കൗണ്ട്ഡൗണ്‍ ; ആവേശത്തില്‍ അറബ് ലോകം

B.S. Shiju
Sunday, July 19, 2020

ദുബായ് : അറബ് ലോകം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യു.എ.ഇയുടെ ചൊവ്വാ പേടക വിക്ഷേപണം മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. ഇതിനായി ചൊവ്വാ പേടകത്തെ വിക്ഷേണപണ പാഡില്‍ എത്തിച്ചു. ജൂലൈ 19 ഞായറാഴ്ച അര്‍ധരാത്രി 1.58 ന് ( തിങ്കളാഴ്ച പുലര്‍ച്ചെ ) ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും പേടകം പറന്നുയരും.

നേരത്തെ ജപ്പാനില്‍ പ്രതികൂല കാലാവസ്ഥ മൂലം രണ്ടുവട്ടം ഈ ദൗത്യം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. അറബ് ജനതയുടെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും പ്രതിനിധിയായി അറബിക് ഭാഷയില്‍ അല്‍ അമല്‍ ( ഹോപ്പ് അഥവാ പ്രതീക്ഷ ) എന്ന പേരിലാണ്  ഈ പേടകം ചരിത്രമായി പറന്നുയരുക. H-IIA F-42   എന്ന പേടകം ആണ് ഇതിനായി ലോഞ്ച് പാഡില്‍ എത്തിച്ചത്. വിക്ഷേപണ വാഹനം പാഡ് സൗകര്യങ്ങളുമായി ബന്ധിപ്പിച്ചതായി ഇതിന്‍റെ ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.

ജപ്പാനിലുള്ള യുഎഇ സ്വദേശികളുടെ വിക്ഷേപണ സംഘം ഇതിനായി ചുക്കാന്‍ പിടിക്കുന്നു. കൂടാതെ യു.എ.ഇ ബഹിരാകാശ ഏജന്‍സി ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്‍റര്‍ എന്നിവയിലെ 21 എന്‍ജിനീയര്‍മാരും ദുബായ് അല്‍ ഖവാനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഏഴു മാസങ്ങള്‍ കൊണ്ട് പേടകം ചൊവ്വയിലെത്തും. തുടര്‍ന്ന് ഫെബ്രുവരി മാസത്തോടെ ചൊവ്വയിലെ അന്തരീക്ഷത്തിന്‍റെ ആദ്യ ചിത്രം ഇതിലൂടെ പുറത്തുവരും.