‘ഉന്നതവിദ്യാഭ്യാസരംഗം കലുഷിതമായി; ഒന്നാം പ്രതി സർക്കാർ, രണ്ടാം പ്രതി ഗവർണര്‍’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, October 24, 2022

 

എറണാകുളം: വിഷയാധിഷ്ഠിതമായി മാത്രമാണ് യുഡിഎഫ് ഗവര്‍ണറുടെ നടപടികളെ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിസി നിയമനങ്ങൾ മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ചാണ് നടത്തിയത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം കലുഷിതമായി. ഇതിൽ ഒന്നാം പ്രതി സർക്കാറും രണ്ടാം പ്രതി ഗവർണറുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

താൻ പറയുന്നത് കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ നിലപാടാണ്. തനിക്കെതിരെ ഏറ്റവും മോശമായ പദപ്രയോഗം നടത്തിയ വ്യക്തിയാണ് ഗവർണർ. അന്ന് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. യുജിസി മാനദണ്ഡം പാലിച്ചല്ല വിസി നിയമനങ്ങൾ നടത്തിയത്. 9 സർവകലാശാലകളിലെ വിസി നിയമനങ്ങൾ സുപ്രീം കോടതി വിധി അനുസരിച്ച് നിയമ വിരുദ്ധമാണ്. മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ പിൻവാതിൽ വഴി നിയമിക്കാന്‍ വേണ്ടിയാണ് ഇഷ്ടക്കാരെ വിസിമാരായി നിയമിച്ചത്. മന്ത്രിമാരെ പിൻവലിക്കാൻ തനിക്ക് അധികാരമുണ്ടെന്ന് ഗവർണർ പറഞ്ഞപ്പോൾ ഏറ്റവും ശക്തമായി എതിർത്തത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാറും ഗവർണറും നേരത്തെ ഒറ്റക്കെട്ടായിരുന്നു. ഗവർണറെ സന്ദർശിച്ച് ലോകായുക്ത നിയമഭേദഗതി ഒപ്പ് വെപ്പിക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി ഗവർണറുടെ സംഘപരിവാർ അജണ്ടയെ കുറിച്ച് ആലോചിച്ചില്ല. ഗവർണറുടെ സ്റ്റാഫിൽ അറിയപ്പെടുന്ന സംഘപരിവാർ പ്രവർത്തകനെ ഉള്‍പ്പെടുത്താന്‍ എഴുതി കൊടുത്തപ്പോൾ ഒപ്പിട്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും വി.ഡി സതീശൻ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.