രാജ്യത്തെങ്ങും നടക്കാത്ത സംഭവങ്ങള്‍; ഡോക്ടർമാരെ സംരക്ഷിക്കാനാവില്ലെങ്കില്‍ പൂട്ടിക്കോളൂ: സർക്കാരിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി

Jaihind Webdesk
Wednesday, May 10, 2023

 

കൊച്ചി: വനിതാ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയതെന്ന് പറഞ്ഞ കോടതി, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടിക്കോളൂ എന്നും വിമർശിച്ചു. വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തവെയായിരുന്നു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്‍റെ രൂക്ഷ വിർമശനം. വിഷയം നാളെ രാവിലെ 10.15ന് വീണ്ടും പരിഗണിക്കും.

ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് കോടതി ചോദിച്ചു. പോലീസിന്‍റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടർ വന്ദന നമ്മുടെ മകളെന്നും കോടതി പറഞ്ഞു. സംഭവത്തിൽ പൊലീസ് മേധാവി നാളെ ഓൺലൈനായി ഹാജരായി വിശദീകരണം നൽകണം.