പ്രിയാ വർഗീസിന്‍റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

Jaihind Webdesk
Monday, August 22, 2022

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രൊഫസറായുള്ള നിയമനത്തിനാണ് സ്റ്റേ. ഈ മാസം 31 സ്റ്റേ. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് കോടതി നടപടി. നിയമനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഗവർണർ ഈ നിയമനം മരവിപ്പിച്ചിരുന്നു.

വിഷയത്തിൽ ഗവർണർ, സർക്കാർ, സർവകലാശാല വൈസ് ചാൻസിലർ എന്നിവർക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.കേസിൽ യു.ജി സിയെ കക്ഷി ചേർക്കാനും തീരുമാനിച്ചു. പ്രിയാ വർഗീസിനെ പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച കോടതി നിയമത്തിന്മേലുള്ള തുടര്‍നടപടികള്‍ എല്ലാം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രിയാ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണം. സര്‍വകലാശാലയില്‍ അനധികൃതമായി നിയമനം നേടിയെടുക്കുകയാണ്. അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനപട്ടികയില്‍ നിന്നും പ്രിയാ വർഗീസിനെ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നിയമനത്തിനായുള്ള റിസര്‍ച്ച് സ്‌കോര്‍ പ്രിയ വര്‍ഗീസിന്‍റേത് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്ക്ക് 651 പോയിന്‍റുമായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നാണ് പുറത്തുവന്ന വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. അതിനുപിന്നാലെ നിയമന ഉത്തരവ് സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗവർണറുടെ നടപടിക്കെതിരെ നിലപാടെടുത്ത സർക്കാറിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്‌ന്‍ ഗവർണറെ സമീപിച്ചു. പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രൊഫസറായി നിയമിച്ചത് യോഗ്യതയില്ലാതെയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ഗവർണറെ ധരിപ്പിച്ചു. യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നേരിട്ടുള്ള നിയമനത്തിന് ഗവേഷണ ബിരുദവും എട്ട് വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. എന്നാൽ പ്രിയാ വർഗീസിന് കേവലം 20 ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്.

2019 ലാണ് പ്രിയാ വർഗീസ് കണ്ണൂർ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയത്. തുടർന്ന് രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റസ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടു. 2021 ജൂൺ 16 ന് തൃശൂർ കേരളവർമ്മ കോളേജിൽ പുനഃപ്രവേശിച്ചു. ജൂലൈ 7 മുതൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ തുടരുന്നു. അതേസമയം തനിക്ക് ഒമ്പത് വർഷത്തെ അധ്യാപന പരിചയം ഉണ്ടെന്നാണ് പ്രിയാ വർഗീസിന്‍റെ അവകാശവാദം. എന്നാൽ കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റസ് സർവീസ് ഡയറക്ടർ തസ്തികയും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്‍റ് ഡയറക്ടർ തസ്തികയും അനധ്യാപക തസ്തികകളാണ്.

യോഗ്യതാ പരീക്ഷ പാസായതിനു ശേഷമുള്ള തൊഴിൽ പരിചയം മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത് സുപ്രീം കോടതി ശരിവെച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പ്രിയാ വർഗീസിന്‍റെ അധ്യാപന പരിചയം 20 ദിവസം മാത്രമാണ്. അതേസമയം ഇന്‍റർവ്യൂവിന് പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ നാലുപേർ 13 വർഷം വരെ അധ്യാപന പരിചയമുള്ളവരാണ്. ഇവരെ ഒഴിവാക്കി വിസിയുടെ പ്രത്യേക നിർദേശ പ്രകാരം ഓൺലൈൻ ഇന്‍റർവ്യൂവിലൂടെ പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാങ്ക് പട്ടികയിൽ നിന്നും പ്രിയാ വർഗീസിന്‍റെ പേര് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്നും ഗവർണറെ സമീപിച്ചത്.