ഹർത്താൽ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്ന് ഹൈക്കോടതി

webdesk
Monday, January 7, 2019

ഹർത്താൽ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. തുടർച്ചയായ ഹർത്താലുകൾക്കെതിരെ സംസ്ഥാനസർക്കാർ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ പരാമർശം നടത്തി.   ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നൽകുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാനും ഇക്കാര്യത്തില്‍ നിലപാടറിയിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി.    ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.  ഹർത്താലിനെതിരെ കേരളാ ചേംബർ ഓഫ് കൊമേഴ്സും മലയാളവേദിയും  നൽകിയ ഹർജിയാണ് പരിഗണിച്ചത്.

സ്വസ്ഥമായി ബിസിനസ് മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കുന്നില്ലെന്നും ഹര്‍ത്താലിന്‍റെ പേരില്‍ കടകൾ തല്ലിപ്പൊളിച്ചുവെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍  ഒരാളെ പോലും അതിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കടകൾക്ക് സംരക്ഷണം നൽകണമെന്നും  ഹർജിക്കാർ ആവശ്യപ്പെട്ടു.

ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാനസർക്കാരിനോട് ചോദിച്ചു. നാളെ നടക്കുന്ന പണിമുടക്കിൽ തുറക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്നും ഹർത്താലിനെ നേരിടാൻ സമഗ്രപദ്ധതി തയ്യാറാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തുടർച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹർത്താലുകളിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്നത്തിൽ ഒരു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം 97 ഹർത്താൽ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമാണെന്നും ഇത് കേരളത്തിന്‍റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുമെന്നും – കോടതി ചൂണ്ടിക്കാട്ടി.