ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് മുഖ്യമന്ത്രി; വയനാട്ടില്‍ അതിതീവ്ര ജാഗ്രത; രണ്ട് ദിവസത്തിനിടെ 80 ഇടത്ത് ഉരുള്‍പൊട്ടി

Jaihind Webdesk
Saturday, August 10, 2019

കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടുമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80 ഓളം ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മലപ്പുറം വാണിയമ്പലം മുണ്ടേരി ഭാഗത്ത് ഇരുന്നൂറോളം കുടുംബങ്ങളും ഏതാനും ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്. അവിടെ ഭക്ഷണത്തിന് ഇപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കിലും കൂടുതല്‍ സമയം വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഹെലികോപ്ടര്‍ വഴി ഇവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുഴയുടെ ഒഴുക്ക് ശക്തിപ്പെടുന്നതാണ് ഇങ്ങോട്ടെത്തുന്നതിന് പ്രധാനതടസ്സം.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സ്വന്തം ജീവന്‍ മറന്ന് കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ വകുപ്പ് ജീവനക്കാരും അര്‍പ്പണബോധത്തോടെ തങ്ങളുടെ ചുമതല നിറവേറ്റുന്നുണ്ട്. അത്തരമൊരു ദൗത്യത്തിനിടെയാണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജുവിന് ജീവന്‍ നഷ്ടമായത്.

ഇന്ന് രാവിലത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് മഴക്കെടുതിയില്‍ 42 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചു. 1,08,138 പേരെ ഇതുവരെ വീടുകളില്‍ മാറ്റിപാര്‍പ്പിച്ചു. 29997 കുടുംബങ്ങളിലുള്ളവരാണിവര്‍. കവളപ്പാറയില്‍ നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കിട്ടി. മുപ്പത് പേരുടെ ഫയര്‍ ഫോഴ്‌സ് ടീം അവിടെയുണ്ട്. 40 പേരടങ്ങളുടെ ഫയര്‍ഫോഴ്‌സ് ടീം മേപ്പാടി പുത്തുമലയിലുണ്ട്. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍ഫ് സംഘവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വയനാട് രാവിലെ മഴക്ക് കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വയനാട്ടില്‍ മാത്രം 74990 പേരെ മാറ്റിപാര്‍പ്പിച്ചു. 184 ക്യാമ്പുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബാണാസുരയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഇന്ന് രാവിലെ എട്ട് മുതല്‍ ഇവിടെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മിതമായ രീതിയില്‍ ജലം ഇവിടെ നിന്ന് പുറത്തേക്കൊഴുക്കാനാണ് പദ്ധതി. അത് കൊണ്ട് പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

എറണാകുളത്ത് മഴക്ക് ശമനമുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന്‌ക്കൊണ്ടിരിക്കുകയാണ്. തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം സംസ്ഥാനം വലിയൊരു ദുരന്തമുഖത്ത് നില്‍ക്കുന്ന സന്ദര്‍ഭത്തിലും അപൂര്‍വ്വം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. നാടൊരു വലിയ ദുരിതം നേരിടുമ്പോള്‍ ആളുകളില്‍ അനാവശ്യമായി ഭീതിപടര്‍ത്തുന്ന സമീപനമാണ് ഇവര്‍ക്കുള്ളത്. അത്തരം ആളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇടുക്കിയില്‍ അപകടകരമായ രീതിയില്‍ വെള്ളമില്ല. കഴിഞ്ഞ തവണ ഈ ദിവസങ്ങളില്‍ ഇതിനേക്കാള്‍ വെള്ളമുണ്ടായിരുന്നു. നിലവില്‍ പെയ്യുന്ന മഴ സംഭരിക്കാനുള്ള ശേഷിക്ക് ഇടുക്കി ഡാമിനുണ്ട്. പല ഡാമുകളിലും ഇതേ രീതിയിലാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.